കണ്ണൂർ: കോടികൾ തട്ടിയ കേസിലെ പ്രതിയായ പ്രവീൺ റാണയുടെ സേഫ് ആൻഡ് സ്ട്രോങ് തട്ടിപ്പുകേസിൽ കണ്ണൂർ ടൗൺ പൊലിസ് രജിസ്റ്റർ ചെയ്ത അഞ്ചു കേസുകൾ ക്രൈംബ്രാഞ്ചിന് വിട്ടു. 31-പരാതികൾ ലഭിച്ചതിൽ നിന്നാണ് അഞ്ചുകേസുകളാണ് ക്രൈം ബ്രാഞ്ചിന് വിട്ടത്. ഇതുവരെ സേഫ് ആൻഡ് സ്ട്രോങ്ങിന്റെ പേരിൽ കണ്ണൂരിൽ നിന്നായി ഏജന്റുമാർ നിക്ഷേപമായി ശേഖരിച്ചത് 1.03-കോടിരൂപയാണ്. ഇതിന്റെ പത്തിരിട്ടി ഏകദേശം പത്തുകോടി രൂപയ്ക്കു മുകളിൽ സേഫ് ആൻഡ് സ്ട്രോങ് കണ്ണൂരിൽ നിന്നും തട്ടിയെടുത്തുവെന്നാണ് പൊലിസിന്റെ നിഗമനം.

ചിറക്കൽ നാലുമുക്ക് സ്വദേശിനി ജിൽന മഹേഷിന്റെ പതിമൂന്നരലക്ഷം തട്ടിയെടുത്തുവെന്ന പരാതിയിലാണ് കണ്ണൂർ ടൗൺ പൊലിസ് ആദ്യ കേസെടുത്തത്. പയ്യാമ്പലം സ്വദേശി കോശിയുടെ 5.36-ലക്ഷം രൂപയും ചക്കരക്കൽ മക്രേരി സ്വദേശിനി ബീനാകുമാരിയുടെ ഏഴുലക്ഷം രൂപയും കൂടാളി സ്വദേശിനി രേഷ്മയുടെ ആറുലക്ഷവും തളാപ്പ് സ്വദേശി ജയിംസിന്റെ അഞ്ചുലക്ഷം രൂപയും തട്ടിയെടുത്തുവെന്ന കേസുകളാണ് കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത്. പരാതിക്കാരുടെ മൊഴിരേഖപ്പെടുത്തിയതിനു ശേഷമാണ് പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്.

തൃശൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ചിട്ടികമ്പനിയാണ് സേഫ് ആൻഡ് സ്ട്രോങ്്. സർക്കാർ ജീവനക്കാർ ഉൾപ്പെടെ ഇവിടെ നിക്ഷേപം നടത്തിയിരുന്നു.സ്ഥാപന ഉടമയായ പ്രവീൺ റാണയെ കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂരിൽ നിന്നും പൊലിസ് അറസ്റ്റു ചെയ്തത്. പ്രവീൺ റാണയുടെ സേഫ് ആൻഡ് സ്ട്രോങ് ബിസിനസ് സൊല്യൂഷനെന്ന സ്ഥാപനം കണ്ണൂർ നഗരത്തിലെ കെ.വി. ആർ ടവറിലാണ് പ്രവർത്തിക്കുന്നത്. ഈ ഓഫീസ് ഇപ്പോൾ അടഞ്ഞുകിടക്കുകയാണ്. സ്ഥാപനത്തിനായി നിക്ഷേപസമാഹരണം നടത്തിയ ഏജന്റുമാരും ജീവനക്കാരും മുൂങ്ങിയിരിക്കുകയാണ്. അടുത്ത ദിവസം തന്നെ സ്ഥാപനത്തിൽ പരിശോധന നടത്താനാണ് പൊലിസിന്റെ തീരുമാനം.