എറണാകുളം: പിറവത്ത് അയല്‍വാസിയുടെ ഗര്‍ഭിണിയായ പശുവിനെ വെട്ടിക്കൊന്നയാളെ പോലിസ് അറസ്റ്റ് ചെയ്തു. നാല് മാസം ഗര്‍ഭിണിയായിരുന്ന പശുവിനെയാണ് അയല്‍വായിയായ ഓട്ടോ ഡ്രൈവര്‍ രാജു അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. അറസ്റ്റിലായ രാജുവിനെ കോടതി റിമാന്‍ഡ് ചെയ്തു. പിറവം ഇടക്കാട്ടുവയല്‍ സ്വദേശിയായ മനോജിന്റെ ഉപജീവന മാര്‍ഗമായ പശുക്കളിലൊന്നിനെയാണ് രാജു വെട്ടിക്കൊലപ്പെടുത്തിയത്.

നാലു മാസം ഗര്‍ഭിണിയായിരുന്നു പശു. രാജു പശുവിനെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ മനോജിന്റെഭാര്യക്കും മകനും പരിക്കേറ്റിരുന്നു. ഇരുവരും സുഖം പ്രാപിച്ചു വരുന്നു. മൂന്ന് പശുക്കളും മൂന്ന് കിടാങ്ങളുമാണ് തൊഴുത്തില്‍ ഉണ്ടായിരുന്നത്. മനോജിന്റെ പശുത്തൊഴുത്തിലെ മാലിന്യം തന്റെ കിണറ്റിലേക്ക് ഒഴുകിയെത്തുന്നു എന്ന സംശയത്തിലാണ് രാജു ക്രൂരത ചെയ്തതെന്നാണ് കരുതുന്നത്.

കഴുത്തിന് സാരമായി പരിക്കേറ്റ മറ്റൊരു പശുവിനും കിടാങ്ങള്‍ക്കും കുറച്ചധികം നാള്‍ പ്രത്യേക പരിചരണം വേണം. മിണ്ടാപ്രാണികള്‍ക്കെതിരായ ക്രൂരത, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പശുവിന്റെ കഴുത്തിനേറ്റ വെട്ടാണ് മരണ കാരണമെന്ന് വ്യക്തമായിട്ടുണ്ട്.

മനോജിന്റെ പശു വളര്‍ത്തലിനെതിരെ നേരത്തെ പഞ്ചായത്തിനും കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. അധികൃതര്‍ പരിശോധനകള്‍ നടത്തി. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് തൊഴുത്ത് നിര്‍മ്മിച്ചിരിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടത്തി. ബയോ ഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കാന്‍ പഞ്ചായത്ത് നിര്‍ദേശം നല്‍കി. അതും പൂര്‍ത്തിയാക്കി. പശുവിനെ വെട്ടാനുപയോഗിച്ച കോടാലി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.