കൊച്ചി: സിനിമയില്‍ പാര്‍വതിക്ക് മുമ്പ് വിലക്ക് നേരിട്ടയാള്‍ താനാണെന്ന് നടന്‍ പൃഥ്വിരാജ്. സിനിമയില്‍ വിലക്ക് യാഥാര്‍ഥ്യമാണോ എന്ന ചോദ്യത്തിന്, താന്‍ തന്നെ അതിന് ഉദാഹരണമാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ബഹിഷ്‌കരണം പലപ്പോഴും നിരോധനമാകുന്നു. പാര്‍വതിക്കു മുന്‍പ് മാറ്റി നിര്‍ത്തല്‍ നേരിട്ടത് താനാണ്. വ്യക്തിപരമായി ആരെയെങ്കിലും ബഹിഷ്‌കരിക്കാന്‍ വ്യക്തികള്‍ക്ക് സാധിക്കും. എന്നാല്‍ പദവികളിലിരിക്കുന്നവര്‍ അത് ചെയ്താല്‍ അത് നിരോധനത്തിന്റെ ഫലം ചെയ്യും. അങ്ങനെ ചെയ്യാനുള്ള അവകാശമോ അധികാരമോ ആര്‍ക്കുമില്ല. മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടാകാന്‍ പാടില്ല. അത്തരത്തില്‍ സംഘടിതമായി ആരുടെയെങ്കിലും തൊഴില്‍ നിഷേധിക്കപ്പെടുന്നുണ്ടെങ്കില്‍ അതില്‍ നടപടികളുണ്ടാവണം.

അക്രമിക്കപ്പെട്ട നടി 'അമ്മ'യില്‍ എത്തുമോയെന്ന ചോദ്യത്തിന്, എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട സംഘടനകളാണ് സിനിമയില്‍ ആവശ്യമെന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ഒരു സിനിമാ സെറ്റ് പ്രവര്‍ത്തിക്കുന്നത് സങ്കീര്‍ണമായ പ്രവൃത്തിയാണ്. അത് സിസ്റ്റമാറ്റിക് ആയി പ്രവര്‍ത്തിക്കേണ്ട മേഖലയാണ്. ആഭ്യന്തര പരാതി പരിഹാര സെല്‍ (ഐസിസി) എന്റെ സെറ്റില്‍ നടപ്പാക്കുന്നുണ്ട്. പക്ഷേ അതോടെ എന്റെ ഉത്തരവാദിത്തം തീരുന്നില്ല. ഐസിസി എല്ലാ സെറ്റിലും ഉണ്ടെന്ന് ഉറപ്പിക്കാന്‍ മറ്റൊരു സംവിധാനം വേണം.

'അമ്മ'യുടെ പ്രധാന പദവിയില്‍ വനിത വേണം, അത് 'അമ്മ'യില്‍ മാത്രമല്ല, എല്ലായിടത്തും വേണം. സിനിമാ കോണ്‍ക്ലേവ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രയോജനപ്പെടുത്തണം. പ്രശ്‌നത്തിനു പരിഹാരം കാണാന്‍ തന്നാലാവുന്നത് എല്ലാം താന്‍ ചെയ്യും. കോണ്‍ക്ലേവ് പ്രശ്‌നപരിഹാരത്തിലേക്ക് നയിക്കട്ടെ. ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് ഗൗരവമായി അന്വേഷിക്കണം. തിരുത്തല്‍ മലയാള സിനിമയിലാണ് നടന്നത് എന്ന് ഒരിക്കല്‍ ഇന്ത്യന്‍ സിനിമാ ചരിത്രം വാഴ്ത്തുമെന്നും പൃഥ്വിരാജ് പറഞ്ഞു.

ഹേമ കമ്മിറ്റിയോട് സംസാരിച്ച ആള്‍ക്കാരില്‍ ആദ്യം ഉള്ള ഒരു ആളാണ് ഞാന്‍. തുടര്‍ നടപടികളില്‍ എനിക്കും ആകാംക്ഷയുണ്ട്. കൃത്യമായ അന്വേഷണം വേണം എന്നും അദ്ദേഹം പറഞ്ഞു. പവര്‍ ഗ്രൂപ്പ് എന്നത് ഉണ്ടോയെന്ന ചോദ്യത്തിനും നടന്‍ പൃഥ്വിരാജ് മറുപടി നല്‍കി. പവര്‍ അതോറിറ്റിയുടെ ഇടപെടല്‍ എനിക്ക് എതിരെ ഉണ്ടായിട്ടില്ല എന്ന് ഞാന്‍ ഇന്ന് പറഞ്ഞാല്‍ അങ്ങനെയൊരു പവര്‍ ഗ്രൂപ്പ് ഇല്ല എന്ന് എനിക്ക് അവകാശപ്പെടാന്‍ കഴിയില്ല. ഞാന്‍ അവരെ ഫേസ് ചെയ്തിട്ടില്ല. അവരാല്‍ ഞാന്‍ ബാധിക്കപ്പെട്ടിട്ടില്ല. അവരാല്‍ ബാധിക്കപ്പെട്ടവര്‍ ഇന്ന് മലയാള സിനിമയില്‍ ഉണ്ടെങ്കില്‍ അവരുടെ പരാതികള്‍ കേള്‍ക്കണം. അത്തരം ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ എന്തായാലും അതില്ലാതാകണം. പക്ഷേ എനിക്ക് അത് ഉണ്ടെന്ന് പറയണമെങ്കില്‍ നേരിട്ട് ഞാന്‍ അത് അനുഭവിച്ചിട്ടുണ്ടാകണം. ഞാന്‍ എക്‌സപീരിയന്‍സ് ചെയ്തിട്ടില്ല എന്നതുകൊണ്ട് സിനിമയില്‍ അങ്ങനെ ഒരു ഗ്രൂപ്പ് ഇല്ലെന്നും പറയാന്‍ എനിക്ക് കഴിയില്ല.

സ്ഥാനങ്ങള്‍ ഇരിക്കുന്ന ആള്‍ക്കാര്‍ക്ക് എതിരെ ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ ആ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണം. എന്നിട്ട് നടപടി സ്വീകരിക്കണം. അധികാര സ്ഥാനത്തിരിക്കുമ്പോള്‍ അന്വേഷണം നേരിടരുത്. അങ്ങനെയാണ് വേണ്ടതെന്നും പൃഥ്വിരാജ് വ്യക്തമാക്കി.