മലപ്പുറം: ബസ്സിൽ കയറുന്ന സമയത്ത് വിദ്യാർത്ഥിനിയുടെ ദേഹത്ത് അപമര്യാദയായി സ്പർശിച്ച് ബസ് ജീവനക്കാരൻ. വിദ്യാർത്ഥിനിയെ അപമാനിച്ചെന്ന പരാതിയിൽ പൊന്നാനി കുണ്ടുകടവ് ഗുരുവായൂർ സംസ്ഥാന പാതയിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരനെതിരെ പെരുമ്പടപ്പ് പൊലീസ് പോക്സോ കേസെടുത്തു.

ബസ്സിൽ കയറുന്ന സമയത്ത് മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയുടെ ദേഹത്ത് അപമര്യാദയായി സ്പർശിച്ചു എന്ന പരാതിയെ തുടർന്ന് ബസ് തൊഴിലാളിയെ കസ്റ്റഡിയിൽ എടുത്തതിനെ തുടർന്നാണ് തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചത്.

പണിമുടക്കിനെ തുടർന്ന് വൈകീട്ട് വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ വീടുകളിൽ എത്തിചേരാൻ ഏറെ ബുദ്ധിമുട്ടി. കയറാവുന്നതിലധികം വിദ്യാർത്ഥികൾ ബസ്സിൽ കയറാൻ ശ്രമിച്ചതിനെ തുടർന്ന് അവരെ തടയുക മാത്രമാണ് ചെയ്തെന്നും ഇത് വ്യാജ പരാതിയാണെന്നും ബസ് തൊഴിലാളികൾ പറയുന്നു. ചൊവ്വാഴ്ചയാണ് മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പാളിന്റെ പരാതിയെ തുടർന്ന് പെരുമ്പടപ്പ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

പോക്സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തൊഴിലാളിക്ക് നീതി ലഭിക്കും എന്ന് ഉന്നത അധികാരികളിൽ നിന്നും ഉറപ്പ് ലഭിക്കും വരെ പണിമുടക്കിൽ നിന്നും പിന്മാറില്ല എന്ന നിലപാടിലാണ് തൊഴിലാളികൾ.