തിരുവനന്തപുരം: അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഗതാഗതമന്ത്രി ആന്റണി രാജു സ്വകാര്യ ബസുടമകളെ ചർച്ചയ്ക്ക് വിളിച്ചു. കൊച്ചിയിൽ ഈ മാസം 14 നാണ് ചർച്ച. നവംബർ 21 മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് പണിമുടക്ക് നടത്തുമെന്നാണ് ബസുടമകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

എറണാകുളം ഗസ്റ്റ് ഹൗസിൽ വച്ചാണ് ചർച്ച. മന്ത്രി വിളിച്ചിട്ടുള്ള ചർച്ചയിൽ ശുഭപ്രതീക്ഷയുണ്ടെന്നും, സ്വകാര്യ ബസ് വ്യവസായവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ചയാകുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘടനാ പ്രതിനിധികൾ സൂചിപ്പിച്ചു.

വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുക, സർക്കാർ നിർദേശിച്ച സീറ്റ് ബെൽറ്റ്, കാമറ തുടങ്ങിയവ അനാവശ്യ സാമ്പത്തിക ബാധ്യത വരുത്തുന്നു തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാണ് ബസുടമകൾ സമരത്തിന് ആഹ്വാനം നൽകിയിട്ടുള്ളത്. അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി ഒക്ടോബർ 31 ന് സംസ്ഥാനത്ത് ബസുകൾ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.