ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിനെ നിയമിച്ചത് ചട്ടങ്ങൾ പാലിച്ചല്ലെന്ന് സുപ്രീകോടതിയിൽ ആവർത്തിച്ച് യുജിസി. സർവകലാശാല നിയമനങ്ങൾക്ക് യുജിസി ചട്ടങ്ങൾ പാലിക്കണമെന്നും സംസ്ഥാന ചട്ടങ്ങൾ ഇതിന് വിരുദ്ധമാണെങ്കിൽ പോലും വ്യതിചലിക്കാനാവില്ലെന്നും യുജിസി സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

കേരള സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിന് നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് യുജിസി ഇക്കാര്യം പറയുന്നത്. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് അദ്ധ്യാപന പരിചയമായി വേണ്ടത് എട്ട് വർഷമാണ്. എയ്ഡഡ് കോളജിൽ ജോലിയിൽ പ്രവേശിച്ച ശേഷം പ്രിയാ വർഗീസ് ഫാക്കൽറ്റി ഡവലപ്മെന്റ് പ്രോഗ്രാം പ്രകാരം ഡെപ്യൂട്ടേഷനിൽ മൂന്നു വർഷത്തെ പിഎ.ച്ച്ഡി ഗവേഷണം നടത്തിയ കാലയളവും ഉൾപ്പെടുത്തിയിരുന്നു.

എന്നാൽ ഈ കാലയളവിലെ ഗവേഷണം അദ്ധ്യാപന പരിചയമായി പരിഗണിക്കാനാകില്ലെന്നും ലീവ് എടുക്കാതെ അദ്ധ്യാപനത്തോടൊപ്പം നടത്തുന്ന ഗവേഷണം മാത്രമാണ് അദ്ധ്യാപന പരിചയമായി കണക്കാക്കുക എന്നും യുജിസി സത്യവാങ്മൂലത്തിൽ പറയുന്നു.