തിരുവനന്തപുരം: നെടുമങ്ങാട് ആനാട് വീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. 20 ചാക്ക് പാൻമസാല ഉൽപന്നങ്ങളാണ് പരിശോധനയിൽ എക്സൈസ് പിടികൂടിയത്. സംഭവത്തിൽ ആനാട് സ്വദേശി പ്രമോദ് (37) നെ അറസ്റ്റ് ചെയ്തു. അന്യ സംസ്ഥാനങ്ങളിൽ നിന്നുമാണ് ലഹരി ഉൽപ്പന്നങ്ങൾ കടത്തിയിരുന്നത്.

ഓട്ടോറിക്ഷാ ഡ്രൈവറായ പ്രമോദിന്റെ വീട്ടിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പാൻമസാല ഉൽപന്നങ്ങളാണ് എക്സൈസ് പിടികൂടിയത്. സി.ഐ എസ് ജി അരവിന്ദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 3 ലക്ഷം രൂപ വിലവരുന്ന ഉൽപന്നങ്ങളാണ് ഇയാളുടെ വീട്ടിൽ നിന്നും എക്സൈസ് കണ്ടെടുത്തത്.

നെടുമങ്ങാട് താലൂക്കിലെ മലയോര മേഖല കേന്ദ്രീകരിച്ചാണ് വില്പനയുണ്ടായിരുന്നത്. വിതുര, പാലോട്, ഭരതന്നൂർ, കല്ലറ ആര്യനാട് എന്നിവിടങ്ങളിലാണ് കൂടുതലും വിൽപ്പനയുണ്ടായിരുന്നത്. തമിഴ്നാടിൽ നിന്നാണ് കൊണ്ട് വന്ന ലഹരി ഉൽപ്പന്നങ്ങളാണ് വീട്ടിൽ സൂക്ഷിച്ചിരുന്നതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. തെൻമല വഴിയാണ് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ഉൽപ്പന്നങ്ങൾ വൻ തോതിൽ എത്തിച്ചിരുന്നത്.