തിരുവനന്തപുരം: ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്‌സുമാരുടെ സ്ഥാനക്കയറ്റം അനിശ്ചിതത്വത്തിൽ. ഇരുന്നൂറോളം നഴ്‌സുമാരാണ് സ്ഥാനക്കയറ്റം കാത്തിരിക്കുന്നത്. 25 വർഷമായി സ്ഥാനക്കയറ്റവും, ആനുകൂല്യങ്ങളും ലഭിക്കാതെ വിരമിച്ച് പോകേണ്ട അവസ്ഥയാണ് നിലവിൽ ജീവനക്കാർക്കുള്ളത്. ഹൈക്കോടതിയിലെ കേസ് നിലനിൽക്കുന്നതിനാൽ സീനിയോറിറ്റി ലിസ്റ്റിൽ തർക്കമുള്ളതിനാലാണ് സ്ഥാനക്കയറ്റം വൈകുന്നതെന്ന സർക്കാർ വാദത്തെ നഴ്‌സുമാർ തള്ളുന്നു. കോടതി വിധി വന്നിട്ടും ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്സിൽനിന്നും പബ്ലിക് ഹെൽത്ത്‌ നഴ്‌സ് തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം സർക്കാർ വൈകിപ്പിക്കുന്നതായാണ് ആക്ഷേപം. അനുമതി നൽകിയിട്ടും സ്ഥാനക്കയറ്റം വൈകുന്നതിൽ ആരോഗ്യ വകുപ്പ് ഡയക്ടറുടെ വിശദീകരണം തേടാൻ ഒരുങ്ങുകയാണ് നഴ്‌സുമാർ.

24-25 വർഷമായി ആരോഗ്യവകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ആയി ജോലിനോക്കിവരുന്ന ജീവനക്കാർക്ക് അവരുടെ പ്രേമോഷൻ പോസ്റ്റായ പബ്ലിക് ഹെൽത്ത് നഴ്സിലേക്കുള്ള പ്രേമോഷനാണ് വൈകുന്നത്. തസ്തികയിലേക്ക് 270 ഒഴിവുകൾ നിലനിൽക്കെയാണ് സ്ഥാനക്കയറ്റം വൈകുന്നത്. 25 വർഷം സർവീസിലുള്ളവരിൽ പലരും 2025 മെയ്മാസത്തോടെ വിരമിക്കുന്നവരാണ്. നിയമനം വൈകുന്നതിലൂടെ ജീവനക്കാർക്ക് അർഹതപ്പെട്ട പ്രേമോഷൻ ലഭിക്കാതെയാകും. തസ്തികയിൽ ഒഴിവ് നിൽക്കെയാണ് പ്രതിസന്ധി നിലനിൽക്കുന്നത്. പ്രൊമോഷൻ വൈകുന്നതിനാൽ ജീവനക്കാർക്ക് 25 വർഷമായി ഒരേതസ്തികയിൽ തുടരേണ്ട അവസ്ഥയാണ്. വിഷയത്തിൽ അധികാരികളുടെ ഭാഗത്ത് നിന്നും തണുപ്പൻ പ്രതികരണമാണ് ലഭിക്കുന്നതെന്ന ആരോപണവുമുണ്ട്. എന്നാൽ അനുമതി ലഭിച്ചതോട് എൻ.ജി.ഒ യൂണിയൻ ആരോഗ്യകേന്ദ്രങ്ങൾക്ക് മുന്നിൽ നഴ്‌സുമാർക്ക് സ്ഥാനക്കയറ്റം നൽകിയെന്ന അവകാശ വാദം ഉന്നയിച്ച് ആഹ്ളാദ പ്രകടനം നടത്തിയെന്ന ആക്ഷേപമുണ്ട്.

സ്‌പെഷ്യല്‍ റൂള്‍ പ്രകാരം ആറുമാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ് ജെ.പി.എച്ച്.എന്‍മാര്‍ക്ക് പബ്ലിക് ഹെല്‍ത്ത് നഴ്സായി സ്ഥാനക്കയറ്റം നല്‍കുന്നത്. പബ്ലിക് ഹെല്‍ത്ത് നഴ്സുമാര്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഇവരുടെ ചുമതല വഹിക്കുന്നത് ജെ.പി.എച്ച്.എന്‍മാരാണ്. ജെ.പി.എച്ച്.എന്‍. ഗ്രേഡ് രണ്ട് തസ്തികയിലും ഒട്ടേറെ ഒഴിവുകളുണ്ട്. ഇതോടെ ഇരട്ട ജോലി ഭാരമാണ് ജെ.പി.എച്ച്.എന്‍. ഗ്രേഡ് ഒന്നിലുള്ളവര്‍ക്ക്. സ്ഥാനക്കയറ്റം വൈകുന്തോറും 25 വര്‍ഷമൊക്കെ സര്‍വീസുള്ളവര്‍ ആശങ്കയിലാണ്. പ്രമോഷന്‍ കിട്ടാതെതന്നെ പിരിയേണ്ടിവരുമെന്നതാണ് ആശങ്ക.മാത്രമല്ല ഇവര്‍ക്ക് കയറ്റംകിട്ടുമ്പോള്‍ ജെ.പി.എച്ച്.എന്‍. ഗ്രേഡ് രണ്ടിലുള്ളവര്‍ ഗ്രേഡ് ഒന്നിലെത്തും. ഗ്രേഡ് രണ്ട് തസ്തികയിലേക്ക് പി.എസ്.സി.വഴി പുതിയ നിയമനം കാത്തിരിക്കുന്നവര്‍ക്കും ഇത് ഗുണകരമാകും.