തിരുവനന്തപുരം: പി എസ് സി ജോലി വാഗ്ദാനം ചെയ്ത് 80 ലക്ഷത്തോളം രൂപയുടെ ജോലി തട്ടിപ്പ് നടത്തിയ കേസിൽ ജയിലിൽ കഴിയുന്ന രണ്ടാം പ്രതി രശ്മിക്ക് ജാമ്യമില്ല. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി എൽസാ കാതറിൻ ജോർജാണ് സെപ്റ്റംബർ 17 മുതൽ റിമാന്റിൽ കഴിയുന്ന പ്രതിക്ക് ജാമ്യം നിഷേധിച്ചത്.

അതേ സമയം ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടിരുന്ന രശ്മിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നിന്ന് തിരികെ ഹാജരാക്കിയതിനെ തുടർന്ന് ജയിലിലേക്ക് തിരിച്ചയച്ചു. കസ്റ്റഡി കാലയളവിൽ കോടതി നിർദ്ദേശ പ്രകാരം ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ പാർപ്പിച്ചിരുന്ന രശ്മിയുടെ 3 വയസ്സുള്ള കുഞ്ഞിനെ രശ്മിക്ക് കൈമാറാൻ സി.ഡബ്ലു.സി ക്ക് കോടതി ഉത്തരവ് നൽകി. അട്ടക്കുളങ്ങര വനിതാ ജയിൽ സൂപ്രണ്ട് രശ്മിയുമൊത്ത് സിഡബ്ല്യുസി യിൽ ചെന്ന് കുഞ്ഞിനെ ഏറ്റുവാങ്ങാനും കോടതി ഉത്തരവിട്ടു.

കേസ് റെക്കോഡ് പരിശോധിച്ചതിൽ പ്രതിയുടെ പങ്ക് പഥമദൃഷ്ട്യാ വെളിവാക്കുന്നുണ്ട്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ഈ ഘട്ടത്തിൽ പ്രതിയെ സ്വതന്ത്രയാക്കിയാൽ സുഗമമായ അന്വേഷണത്തിന് വിഘാതം സൃഷ്ടിക്കാനും തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശിക്ഷ ഭയന്ന് ഒളിവിൽ പോകാനും സാധ്യതയുണ്ടെന്നും ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി വ്യക്തമാക്കി. ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ സ്വഭാവവും കാഠിന്യവും കണക്കിലെടുക്കുമ്പോൾ പ്രതിയെ ജാമ്യത്തിൽ വിട്ടയക്കാനാവില്ലെന്നും ജാമ്യഹർജി തള്ളിയ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.

അതേ സമയം വഞ്ചനക്കായി വാടകക്കെടുത്ത പൊലീസ് യൂണിഫോം ധരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് പൊലീസ് ഓഫീസറെന്ന് ആൾമാറാട്ടം നടത്തി പണം തട്ടിയ ഒന്നാം പ്രതി രാജലക്ഷ്മിയുടെ ജയിൽ റിമാന്റ് കോടതി സെപ്റ്റംബർ 30 വരെ നീട്ടി.
അഞ്ചാം പ്രതി ജോയ്‌സി ജോർജിനെ 4 ദിവസം കസ്റ്റഡിയിൽ വിട്ടു. കേസ് റെക്കോർഡ്, കസ്റ്റഡി അപേക്ഷ, അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച സത്യവാങ്മൂലം എന്നിവ പരിഗണിക്കുമ്പോൾ ശരിയായ രീതിയിലുള്ള അന്വേഷണത്തിന് പ്രതിയെ കസ്റ്റഡിയിൽ വിടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് വിലയിരുത്തിയാണ് കസ്റ്റഡിയിൽ വിട്ടത്. തട്ടിപ്പിന്റെ ആഴവും വ്യാപ്തിയും കണ്ടെത്താനും ഉദ്യോഗാർത്ഥികളിൽ നിന്നും വഞ്ചനയിലൂടെ സ്വരൂപിച്ച പണം വീണ്ടെടുക്കുന്നതിനും പ്രതിയെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യാൻ അനുമതി തേടിയുള്ള ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷയിലാണ് കോടതി ഉത്തരവ്.

പി.എസ്.സി.യിൽ ജോലി വാഗ്ദാനംചെയ്ത് 80 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതി രശ്മിയാണ് ആദ്യം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. തൃശ്ശൂർ ആമ്പല്ലൂർ സ്വദേശി രശ്മിയാണ് മൂന്നുവയസ്സുള്ള കുട്ടിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ സെപ്റ്റംബർ 17 ന് കീഴടങ്ങിയത്. ഒന്നാം പ്രതി രാജലക്ഷ്മി സെപ്റ്റംബർ 18 ന് വൈകിട്ട് കഴക്കൂട്ടം സ്റ്റേഷനിൽ കീഴടങ്ങി. പി എസ് സി ഉദ്യോഗസ്ഥയെന്ന വ്യാജേന ആൾമാറാട്ടം നടത്തി ഓൺലൈൻ അഭിമുഖം നടത്തിയ മൂന്നാം പ്രതി കോട്ടയം സ്വദേശിനി ജോയ്‌സി ജോർജ് സെപ്റ്റംബർ 18 ന് കോട്ടയത്ത് അറസ്റ്റിലായി.

മുഖ്യ പ്രതി രാജലക്ഷ്മി അടൂരിൽ താമസിക്കവേ രാജലക്ഷ്മിയുടെ കുട്ടിയെ നോക്കിയിരുന്നത് ജോയ്‌സിയാണ്. ആ സമയത്ത് തുടങ്ങിയ പരിചയമാണ് തട്ടിപ്പിലേക്ക് നീണ്ടത്. പണം വാങ്ങി വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാക്കിയവരെ പി എസ് സി ഉദ്യോഗസ്ഥയെന്ന വ്യാജേനയാണ് ജോയ്‌സി അഭിമുഖം നടത്തിയത്. പരാതിക്കാരുടെ വാട്‌സ്ആപ്പിൽ നിന്ന് ഇവരുടെ ചിത്രം വീണ്ടെടുത്തതോടെയാണ് ജോയ്‌സിയുടെ ഇടപെടൽ വ്യക്തമായത്. ഒന്നര വർഷം മുമ്പേ രാജലക്ഷ്മി തട്ടിപ്പിന് തുടക്കമിട്ടതായി പൊലീസിന് വിവരം ലഭിച്ചു. തട്ടിയെടുത്ത പണത്തിൽ സിംഹ ഭാഗവും അക്കൗണ്ട് മുഖേനയും ബാങ്കിൽ നിന്നും പിൻവലിച്ചും ചെലവഴിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

2023 സെപ്റ്റംബർ ആദ്യ വാരത്തിലാണ് ജോലി തട്ടിപ്പ് സംഭവം പുറം ലോകമറിയുന്നത്. വിജിലൻസ്, ഇൻകം ടാക്‌സ്, ജി.എസ്.ടി. വകുപ്പുകളിൽ ജോലി വാഗ്ദാനംചെയ്തായിരുന്നു തട്ടിപ്പിന് കളമൊരുക്കിയത്. പണംനൽകി ഒന്നരവർഷത്തോളം കഴിഞ്ഞിട്ടും ജോലികിട്ടാതായതോടെ പലരും ബഹളമുണ്ടാക്കിത്തുടങ്ങി. ഇതോടെയാണ് പി.എസ്.സി.യിൽ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് എത്താനെന്ന പേരിൽ വ്യാജകത്തുണ്ടാക്കിയത്.
പി.എസ്.സി.യുടെ വ്യാജകത്ത് നിർമ്മിച്ച് സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഉദ്യോഗാർഥികളെ അയച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.

ഒന്നാംപ്രതി രാജലക്ഷ്മിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് രശ്മിയുടെ പൊലീസ് മൊഴി. ജോലിതേടിയാണ് രശ്മിയും രാജലക്ഷ്മിയെ സമീപിക്കുന്നത്. തുടർന്ന് തട്ടിപ്പിൽ പങ്കാളിയാവുകയായിരുന്നു. രാജലക്ഷ്മി പണം വാങ്ങിയത് പൊലീസ് ഉദ്യോഗസ്ഥ എന്ന വ്യാജേനയായിരുന്നു. വാടകക്കെടുത്ത പൊലീസ് യൂണിഫോം ധരിച്ച് പൊലീസ് ഉദ്യോഗസ്ഥയായി ആൾമാറാട്ടം നടത്തിയാണ് ഉദ്യോഗാർത്ഥികളെ തട്ടിപ്പിനിരയാക്കിയത്.ഇതിനായി യൂണിഫോം ധരിച്ച ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.

കൂടുതൽ തസ്തികകളുണ്ടെന്നും ഒരുമിച്ചാണ് ആളുകളെ എടുക്കുന്നതും പറഞ്ഞ് കൂടുതൽപ്പേരെ കൊണ്ടുവരാൻ രാജലക്ഷ്മി, രശ്മിയോടു നിർദ്ദേശിക്കുകയായിരുന്നു. ഇത്തരത്തിൽ മണിചെയിൻ മാതൃകയിലാണ് ഇവർ ആളുകളെ കണ്ടെത്തുന്നത്. ഒരുമിച്ചാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നതെന്നും കൂടുതൽപ്പേരെ കൊണ്ടുവരാനും നിർദ്ദേശിക്കും. കൂടുതൽ ആളുകളെ എത്തിച്ചാൽ നൽകേണ്ട പണത്തിന് ഇളവുകളും വാഗ്ദാനം ചെയ്യും. ഇത്തരത്തിൽ തട്ടിപ്പിനിരയായവർ തന്നെ കൂടുതൽ ആളുകളെ കൊണ്ടുവന്നിട്ടുണ്ട്. വിശ്വസ്തരായവരെ മാത്രമേ കൊണ്ടുവരാവൂ എന്നും നിർദ്ദേശിക്കും. ഇവരെ വിശ്വസിപ്പിക്കാൻ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പലർക്കും ജോലികിട്ടിയെന്ന് പ്രചരിപ്പിക്കുകയും ചെയ്യും. 35 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, ഇതിലേറെ രൂപ ഇവർ തട്ടിയെടുത്തെന്നാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്.

ജോലി നൽകാമെന്ന പേരിൽ ഒട്ടേറെപ്പേരെ വഞ്ചിച്ചിട്ടുണ്ട്. വിജിലൻസ്, ഇൻകംടാക്‌സ്, ജി.എസ്.ടി. വകുപ്പുകളിൽ ജോലി വാഗ്ദാനംചെയ്തായിരുന്നു തട്ടിപ്പ്. രണ്ടുലക്ഷം രൂപ മുതൽ 4.5 ലക്ഷം രൂപവരെയാണ് ഉദ്യോഗാർഥികളിൽനിന്ന് തട്ടിയെടുത്തതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുള്ള വിവരം. വ്യാജകത്ത് ലഭിച്ചതോടെ പി.എസ്.സി. പൊലീസിന് പരാതി നൽകി. ഇതോടെ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.