കണ്ണൂർ: കണ്ണൂർ പുല്ലൂപ്പിക്കടവിൽ തോണിയപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. അത്താഴക്കുന്നിലെ കെ.സഹീദിന്റെ (27) മൃതദേഹമാണ് ഇന്ന് രാവിലെ നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്. വള്ളുവൻ കടവ് ഭാഗത്ത്കരയോട് ചേർന്നുള്ള ഭാഗത്താണ് മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്.

സഹീദിനൊപ്പംപുഴയിൽ കാണാതായ റമീസിന്റെയും അഷറിന്റെയും മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. തോണി അപകടത്തിൽ മൂന്ന് യുവാക്കൾ ദാരുണമായി മരിച്ചത് അത്താഴക്കുന്ന് ഗ്രാമത്തിന് ദുരന്തമായിമാറി. അത്താഴക്കുന്ന് പുല്ലൂപ്പിക്കടവിൽ കല്ലുക്കെട്ട്ചിറ തുരുത്തിക്ക് സമീപം പുഴയിൽ തോണി മറിഞ്ഞ് മൂന്ന് യുവാക്കളെ കാണാതായ വിവരം തിങ്കളാഴ്‌ച്ച രാവിലെ നാട് ഞെട്ടലോടെയാണ്കേട്ടത്. ഇതിൽ ഒരാളുടെ മൃതദേഹം രാവിലെയും മറ്റൊരാളുടെത് ഇന്നലെ ഉച്ചയോടെയും കണ്ടെത്തി. ഇവരുടെസുഹൃത്തായ മറ്റൊരു യുവാവിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.

അത്താഴകുന്ന് കല്ലുകെട്ടു ചിറയിലെ കൊലപ്പാല ഹൗസിൽ റമീസ് (25), അത്താഴക്കുന്ന് കൗസർ സ്‌കൂളിന് സമീപത്തെ സഫിയ മൻസിലിൽ കെ പി അഷറുദ്ധീൻ എന്ന അഷർ ( 25 ) എന്നിവരെയാണ് നേരത്തെ തോണിമറിഞ്ഞ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സുഹൃത്തായ കല്ലുകെട്ടു ചിറ സ്വദേശി കക്കിരിച്ചാൽ പുതിയ പുരയിൽ സഹദി (25) നെ കാണാതായെങ്കിലും പിന്നീട് ഇയാളുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഞായറാഴ്‌ച്ച വൈകുന്നേരം അഞ്ചിനാണ് കല്ലുകെട്ടുചിറയിൽ നിന്ന് ഇവർ തോണിയുമായി പുഴയിലിറങ്ങിയത്. മത്സ്യബന്ധനത്തിനായും ഒഴിവു സമയം ചെലവഴിക്കാനും ഇവർ തോണിയുമായി പുഴയിലിറങ്ങാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇങ്ങനെ പുഴയിൽ ഇറങ്ങിയപ്പോൾ തോണി മറഞ്ഞതാവാമെന്നാണ് നിഗമനം. രാത്രി മുതൽ മൂവരെയും കാണാനില്ലാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് തിങ്കളാഴ്‌ച്ച രാവിലെ എട്ടൊടെ പുഴയിൽ മത്സ്യബന്ധനത്തിന് പോയ റിയാസ് തുരുത്തി, സഹദ് എന്നിവരുടെ വലയിൽ കുടുങ്ങിയ നിലയിൽ റമീസിന്റെ മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് അഗ്നിരക്ഷാ സേനയും വളപട്ടണം പൊലീസും സ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ചു. പുഴയോട് ചേർന്ന് കരയിലായി അഷറിന്റെ കെ എൽ 13 എ ക്യൂ 3472 നമ്പർ ബുള്ളറ്റും മൂവരുടെയും പാദരക്ഷകളും കണ്ടെത്തി. വാഹനം കണ്ടതോടെയാണ് പുഴയിൽ കാണാതായവരെ തിരിച്ചറിഞ്ഞത്. മറ്റു രണ്ടു പേർക്കായി അഗ്നിരക്ഷ സേനയും വളപട്ടണം പൊലീസും ചേർന്ന് പുഴയിൽ തിരച്ചിൽ തുടരുന്നതിനിടെയാണ് ഇന്നലെ ഉച്ചയ്ക്ക് അഷറിന്റെ മൃതദേഹം കണ്ടെത്തിയത്. കാർ ഡ്രൈവറാണ് റമീസ് കണ്ണൂർ മാർക്കറ്റിലെ പച്ചക്കറി കടയിലും ജോലി ചെയ്യാറുണ്ട്.

അത്താഴകുന്ന് കല്ലുകെട്ടു ചിറയിലെ ഷമീറിന്റെയും ഖദിജയുടെയും മകനാണ്. സഹോദരങ്ങൾ: റംനാസ് , റംസീന. ഗൾഫിലായിരുന്ന അഷറുദ്ധീൻ നാല് മാസം മുൻപാണ് നാട്ടിലേക്ക് എത്തിയത്. മുൻ അത്താഴ ക്കുന്ന് കൗൺസിലർ ടി കെ അഷറഫിന്റെയും സഫിയയുടെയും മകനാണ്. സഹോദരങ്ങൾ : നദീർ , അഫ്രീദ്, ആദിറ, അജ്മൽ , അമർ , ഫാത്തിമ.