കൊടുവള്ളി: ഖത്തർ ലോകകപ്പിന്റെ ആരവവും ആവേശവും കേറളത്തിന്റെ മണ്ണിലും വാനോളം ഉയർന്നുനിൽക്കുന്ന സമയമാണിത്.ഈ ലോകകപ്പിന്റെ ആവേശമെല്ലാം വിളിച്ചോതുന്ന തരത്തിലുള്ള ഫാൻ ഫൈറ്റാണ് കേരളത്തിലെങ്ങും നടക്കുന്നത്.മലബാറിലേക്ക് എത്തുമ്പോൾ അതിന് വീര്യവും ഇരട്ടിയാകും.അത്തരത്തിൽ ലോകകപ്പിന്റെ ആരവം അറിയിച്ചുകൊണ്ട് കോഴിക്കോട് പുള്ളാവൂരിലെ ഫാൻസുകൾ തമ്മിൽ ഫ്ളക്സ് മത്സരം നടക്കുന്ന കാഴ്ചകൾ കഴിഞ്ഞ ദിവസങ്ങളിൽ ഏറെ പ്രചാരം സൃഷ്ടിച്ചിരുന്നു.

സൂപ്പർ താരങ്ങളായ മെസ്സി,നെയ്മർ,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ ഭീമൻ കട്ടൗട്ടുകളാണ് പുള്ളാവൂർ പുഴയിൽ സ്ഥാപിച്ചത്.ഇതിനെതിരെ അഡ്വ: ശ്രീജിത്ത് പെരുമന പരാതി നൽകുകയും അതിനെതിരെ ഫുട്‌ബോൾ പ്രേമികൾ ഒന്നിക്കുകയും ചെയ്തതോടെ ഇത് വലിയ രീതിയിലുള്ള ചർച്ചയായി മാറിയിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ ഫാൻസിന് ദുഃഖകരമായ കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.കട്ടൗട്ടുകൾ എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ജില്ല കളക്ടർ.കട്ടൗട്ടുകൾ നീക്കാനായി ജില്ലാ ഭരണകൂടത്തിന് കളക്ടർ നിർദ്ദേശം നൽകിക്കഴിഞ്ഞതായാണ് വിവരം. പുള്ളാവൂരിലെ പുഴയിൽ അർജന്റീന ഫാൻസ് ഉയർത്തിയ മെസ്സിയുടെ ഭീമൻ കട്ടൗട്ടിന് മറുപടിയായി നെയ്മറുടെ അതിലും വലിയ കട്ടൗട്ട് ഉയർത്തി ബ്രസീൽ ഫാൻസ് വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു.

ഇതിന് പിന്നാലെ കട്ടൗട്ട് പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടയുമെന്ന് ആരോപിച്ചുള്ള അഡ്വ. ശ്രീജിത് പെരുമനയുടെ പരാതിയിൽ നടപടി ഉണ്ടാവുമെന്ന വാർത്തകൾ വന്നിരുന്നെങ്കിലും കൊടുവള്ളി നഗരസഭ ഉൾപ്പെടെ ആരാധകർക്ക് ഒപ്പം നിൽക്കുമെന്ന് പ്രഖ്യാപിച്ചത് ഫുട്‌ബോൾ പ്രേമികൾക്ക് ആശ്വാസമായിരുന്നു.

അതിനു പിന്നാലെ ആധുനിക ഫുട്‌ബോളിലെ മറ്റൊരു അത്ഭുതമായ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ കട്ടൗട്ടും ഇവിടെ ഉയർന്നിരുന്നു. റൊണാൾഡോ ഇല്ലാതെ എന്താഘോഷം എന്നാണ് ആരാധകർ ചോദിച്ചത്. അർജന്റീന, ബ്രസീൽ ഫാൻസിന്റെ ആഗോള കൂട്ടായ്മകളിലും, അന്താരാഷ്ട്ര മാധ്യമങ്ങളിലും വാർത്തയായ സംഭവത്തെ കുറച്ചുകൂടി പൊലിപ്പിച്ചുകൊണ്ടാണ് റൊണാൾഡോ ആരാധകരും ആവേശത്തിൽ പങ്കുചേർന്നത്.സ്ഥലം എംഎൽഎ പിടിഎ റഹീം ഉൾപ്പെടെ നിരവധി പേരാണ് പുതിയ ചിത്രം പങ്കുവെച്ചിരുന്നു.എന്നാൽ പുള്ളാവൂരിലെ സൂപ്പർ താരങ്ങളുടെ ഫ്‌ളക്‌സുകൾ നീക്കണമെന്ന കളക്ടറുടെ ഉത്തരവ് ഫുട്‌ബോൾ പ്രേമികൾക്കിടയിൽ വലിയ എതിർപ്പിനിടയാക്കും.