തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ഗുണ്ടാ പിരിവ് ആവശ്യപ്പെട്ട് കെട്ടിട നിർമ്മാണ കരാറുകാരനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ കൊലക്കേസ് പ്രതികളടക്കം മൂന്നു പ്രതികൾ ഹാജരാകാൻ തിരുവനന്തപുരം ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. സെപ്റ്റംബർ 23 ന് പ്രതികൾ ഹാജരാകാനാണ് ഉത്തരവ്. കരമന പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ചാർജ് ചെയ്ത കേസിൽ പ്രതികൾക്ക് മേൽ കുറ്റം ചുമത്താനാണ് കോടതി പ്രതികളെ വിളിച്ചു വരുത്തുന്നത്.

അനവധി കൊലപാതകക്കേസുകളിലും പിടിച്ചുപറി , അടിപിടി കേസുകളിലും പ്രതികളും നിരവധി തവണ ഗുണ്ടാ നിയമമായ കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ പാർപ്പിക്കപ്പെട്ടവരുമായ കരമന തളിയൽ സ്വദേശി പുഞ്ചിരി വിനോദ് എന്ന വിനോദ് (35) , കരുമം സ്വദേശി വിജയകുമാർ (36) , മേലാങ്കോട് സ്വദേശി കിരൺ (36) എന്നിവരാണ് വധഭീഷണിക്കേസിലെ ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികൾ.

2017 ഏപ്രിൽ 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരമന മേലാറന്നൂറിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ കരാറുകാരൻ മുരുകനെയാണ് പ്രതികൾ കെട്ടിടത്തിൽ അതിക്രമിച്ച് കടന്ന് ഗുണ്ടാ പിരിവ് ആവശ്യപ്പെട്ട് വധ ഭീഷണി മുഴക്കി ഭയപ്പെടുത്തി പണം അപഹരിക്കാൻ ശ്രമിച്ചത്. പുന്നയ്ക്കാമുഗൾ ജംഗ്ഷനിൽ ക്ലിന്റ് എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിൽ മോചിതരായി അഞ്ച് ദിവസം കഴിഞ്ഞയുടനാണ് ഈ സംഭവം നടന്നത്. 2017ൽ കൊലക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന സോജുവിന്റെ സംഘത്തിൽപ്പെട്ട ഇവർ സജിയെന്നയാളെ കൊലപ്പെടുത്തിയ കേസിൽ സോജുവിനോടൊപ്പം കൂട്ടു പ്രതികളാണ്.

ആറ്റുകാൽ സ്വദേശി വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസിലും വിജയകുമാറും വിനോദും പ്രതികളാണ്. 2017ൽ നിലമ്പൂരിൽ നടന്ന കവർച്ചാ കേസിൽ വിനോദിനെ പൊലീസ് തിരയുന്നതിനിടെയാണ് വിനോദ് വധഭീഷണി കേസിൽ പിടിയിലായത്. വിനോദ് രണ്ടു പ്രാവശ്യവും കിരൺ മൂന്നു പ്രാവശ്യവും ഗുണ്ടാ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വിജയകുമാറിനെതിരെ അനവധി കൂലിത്തല്ല് കേസുകളുമുണ്ട്.