കോട്ടയം. സ്ഥാനാർത്ഥി നിർണ്ണയത്തിന് മുമ്പേ നിയോജകമണ്ഡലം മുതൽ ബൂത്ത് തലം വരെയുള്ള വിപുലമായ കൺവൻഷനുകൾക്കും സ്ഥാനാർത്ഥി പര്യടനം ഉൾപ്പടെയുള്ള തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കും കുടുംബയോഗങ്ങൾക്കും തീയതി നിശ്ചയിച്ച് എൽ.ഡി.എഫ് ജില്ലാ നേതൃയോഗം. പുതുപ്പള്ളി നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയെ ഈ മാസം 12-ാം തീയതി പ്രഖ്യാപിക്കും. 16-ാം തീയതി രാവിലെ നോമിനേഷൻ ആർ.ഡി.ഒ മുമ്പാകെനൽകും. അന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് വിപുലമായ നിയോജകമണ്ഡലം കൺവെൻഷൻ മണർകാട് വെച്ച് നടക്കും. 17-ാം തീയതി എല്ലാ പഞ്ചായത്തുകളിലും പഞ്ചായത്ത്തല കൺവെൻഷൻ നടത്തുവാനും തീരുമാനിച്ചിട്ടുണ്ടെന്നും ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു അറിയിച്ചു.

തിരുവോണം, അയ്യൻങ്കാളി ദിനം, ശ്രീനാരായണഗുരു ജയന്തി, മണർകാട് പള്ളിയിലെ നാനാജാതി മതസ്ഥർ പങ്കെടുക്കുന്ന എട്ടുനോട്ട് ആചരണം തുടങ്ങി ജനങ്ങൾക്ക് തികച്ചും അസൗകര്യമുള്ള സമയത്താണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടി മരിക്കുന്നതിന് മുമ്പ് അപേക്ഷിച്ച സമർപ്പിച്ചവർക്ക്പോലും വോട്ടവകാശം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇതെല്ലാം കണക്കിലെടുത്ത് രണ്ടാഴ്ച എങ്കിലും തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് എൽഡിഎഫ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനവും നൽകിയിട്ടുണ്ട്.

ജില്ലാ യോഗത്തിൽ വി.ബി ബിനു അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ വാസവൻ, പ്രൊഫ. ലോപ്പസ് മാത്യു, എ.വി റസ്സൽ, ബെന്നി മൈലാടൂർ, ബിനോയ് ജോസഫ്, മോഹനൻ ചേന്നമംഗലം, കെ.അനിൽകുമാർ, ജോസഫ് ചാമക്കാല, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, മാത്യൂസ് ജോർജ്, സുഭാഷ് പുഞ്ചക്കോട്ടിൽ, സാജൻ ആലക്കുളം, പോൾസൺ പീറ്റർ, കെ.എസ് സിദ്ദീഖ്, ബോബൻ തെക്കേൽ തുടങ്ങിയവർ പങ്കെടുത്തു