കണ്ണൂര്‍ :കയറില്‍ കുടുങ്ങി പരിക്കേറ്റ കൂറ്റന്‍ പെരുമ്പാമ്പ് ഇഴഞ്ഞെത്തിയത് മൃഗസംരക്ഷണ വകുപ്പ് ഓഫീസില്‍. ഞായറാഴ്ച അവധി ദിനമായതിനാല്‍ ജീവനക്കാരാരുമില്ലാത്ത ഓഫീസ് മുറ്റത്ത് നിലയുറപ്പിച്ച പാമ്പിനെ നാട്ടുകാര്‍ കണ്ടതോടെ പൊലീസിനെയും പാമ്പു പിടുത്തക്കാരനായ ഫൈസല്‍ വിളക്കോടിനേയും വിവരമറിയിച്ചതോടെ ഇയാളെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.

ഞായറാഴ്ച രാവിലെയാണ് കയറില്‍ കുടുങ്ങി ചെറിയ പരിക്കേറ്റ പെരുമ്പാമ്പ് ഇരിട്ടി പയഞ്ചേരി മുക്കിലുള്ള മൃഗസംരക്ഷണ കേന്ദ്രം ഓഫീസില്‍ ഇഴഞ്ഞ് എത്തിയത്. അവധിയായതു മൂലം അടഞ്ഞു കിടന്ന ഓഫീസിനു മുന്നിലെ മുറ്റത്ത് എത്തിയ പാമ്പിനെ നാട്ടുകാര്‍ കണ്ടതോടെ ഉടന്‍തന്നെ പൊലീസിനെയും പാമ്പ് പിടുത്തക്കാരന്‍ ഫൈസല്‍ വിളക്കോടിനെയും വിളിച്ചറിയിക്കുകയായിരുന്നു.


ഇരിട്ടിയില്‍ നിന്നുള്ള പോലീസും സ്ഥലത്തെത്തി. സ്ഥലത്തെത്തിയ വനം വകുപ്പ് താല്‍ക്കാലിക ജീവനക്കാരനും മാര്‍ക്ക് പ്രവര്‍ത്തകനുമായ ഫൈസല്‍ വിളക്കോട് പാമ്പിനെ പിടികൂടി ഇതിന്റെ ദേഹത്ത് കുടുങ്ങിക്കിടന്ന കയര്‍ അഴിച്ചു മാറ്റി ആവാസ വ്യവസ്ഥയായ വനത്തില്‍ വിട്ടയച്ചു.