കൊച്ചി: കളമശ്ശേരി നഗരസഭാ ഓഫീസിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയുടെ ടയറുകൾക്കിടയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ കൂറ്റൻ മലമ്പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. തലയ്ക്ക് പരിക്കേറ്റ പാമ്പിനെ വടിയും തുണിയും ഉപയോഗിച്ച് കെട്ടിയിട്ട നിലയിലായിരുന്നു. പാമ്പിനെ അപായപ്പെടുത്താൻ ശ്രമം നടന്നതായി സംശയിക്കുന്നു.

ഇന്ന് രാവിലെയാണ് മലമ്പാമ്പ് കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. പാമ്പിന്റെ തല ഒരു നീളൻ വടിയിൽ തുണികൊണ്ട് ചേർത്തുകെട്ടിയ നിലയിലായിരുന്നു. ഇതാണ് പാമ്പിനെ ആരോ കൊല്ലാൻ ശ്രമിച്ചതാകാമെന്ന നിഗമനത്തിലേക്ക് നയിച്ചത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പാമ്പിനെ സുരക്ഷിതമായി പിടികൂടി.

പാമ്പിന്റെ തലയ്ക്കേറ്റ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.നഗരപ്രദേശമാണെങ്കിലും ധാരാളം ഒഴിഞ്ഞ പറമ്പുകളുള്ള കളമശ്ശേരിയിൽ മുൻപും മലമ്പാമ്പുകളെ കണ്ടെത്തിയിട്ടുണ്ട്. ചികിത്സ നൽകിയ ശേഷം മലമ്പാമ്പിനെ വനത്തിൽ തുറന്നുവിടുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.