തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയുടെ ബിരുദ പരീക്ഷയിൽ ചോദ്യങ്ങൾ മാറി നൽകി.ബുധനാഴ്ച നടന്ന ബി.എ. മൾട്ടിമീഡിയ അഞ്ചാം സെമസ്റ്റർ പരീക്ഷയിലാണ് മറ്റൊരു വിഷയത്തിന്റെ ചോദ്യങ്ങൾ നൽകിയത്.

ടെക്‌നിക്‌സ് ഓഫ് പോസ്റ്റ് പ്രൊഡക്ഷൻ വിഷ്വൽ എഡിറ്റിങ് എന്ന പേപ്പർ പരീക്ഷയാണ് നടക്കേണ്ടിയിരുന്നത്. ഇതിനുപകരം ഇതേ വിഷയത്തിലെ അഡ്വാൻസ്ഡ് വെബ് ഡിസൈനിങ് എന്ന പേപ്പറിലെ ചോദ്യങ്ങളാണ് വിദ്യാർത്ഥികൾക്ക് കിട്ടിയത്. അതേസമയം നടക്കേണ്ട പരീക്ഷയുടെ പേര് ഈ ചോദ്യക്കടലാസിൽ ശരിയായി രേഖപ്പെടുത്തിയിട്ടുമുണ്ട്.

ഓൺലൈനിൽ ലഭിച്ച ചോദ്യക്കടലാസിലെ അപാകം പരീക്ഷ ആരംഭിക്കുന്നതിനു മുൻപാണ് തിരിച്ചറിഞ്ഞത്. അധികൃതരുടെ നിർദേശപ്രകാരം വിദ്യാർത്ഥികൾ പരീക്ഷ എഴുതി.പന്ത്രണ്ട് കോളേജുകളിലാണ് പരീക്ഷ നടന്നത്. ഇതുസംബന്ധിച്ച് വിവിധ കോളേജുകൾ പരീക്ഷാഭവന് പരാതി നൽകി. പഠനബോർഡ് ചെയർമാന്റെ പരിശോധനയ്ക്കുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പരീക്ഷാ കൺട്രോളൻ ഗോഡ്വിൻ സാംരാജ് അറിയിച്ചു.