തിരുവനന്തപുരം: ശാസ്‌തമംഗലം വാർഡ് കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം യുവ നേതാവും ശാസ്‌തമംഗലത്തെ മുൻ സ്ഥാനാർത്ഥിയുമായിരുന്ന ആർ. അമൃത. ശാസ്‌തമംഗലത്തെ ഹെൽത്ത് സെന്റർ ഓഫീസിന് മുന്നിൽ പ്രവർത്തിച്ചുവന്ന 24 മണിക്കൂർ സെഗ്രഗേറ്റഡ് ഡ്രൈ വേസ്റ്റ് കളക്ഷൻ ഹബ് നിർത്തലാക്കാൻ കൗൺസിലറുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതായാണ് അമൃത ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കഴിഞ്ഞ 7 വർഷങ്ങളായി ശാസ്തമംഗലത്ത് ഹെൽത്ത് സെൻറർ ഓഫീസിനു മുന്നിൽ 24 മണിക്കൂറും പ്രവർത്തിച്ചു വന്ന സെഗ്രഗേറ്റഡ് ഡ്രൈ വേസ്റ്റ് കളക്ഷൻ ഹബ് നിർത്തലാക്കാൻ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ തന്നെ തയ്യാറാവുന്നു എന്നുള്ളത് ഗൗരവതരമാണ്. ശാസ്തമംഗലം വില്ലേജ് പ്രദേശത്തെ ആളുകൾ നിരന്തരമായി ആവശ്യപ്പെട്ടതിൻറെ അടിസ്ഥാനത്തിലാണ് ഏതു നേരവും തരം തിരിച്ച അജൈവ മാലിന്യങ്ങൾ സുരക്ഷിതമായി കൈമാറാനുള്ള ഹബ്ബുകൾ ഇടതുപക്ഷ കൗൺസിലിന്റെ അംഗീകാരത്തോടുകൂടി നടപ്പിലാക്കിയത്.

സ. ബിന്ദു ശ്രീകുമാർ കൗൺസിലർ ആയിരുന്ന കാലഘട്ടത്തിലാണ് ഈ പദ്ധതി നടപ്പിലായത്. ധാരാളം ആളുകൾക്ക് ഉപകാരപ്രദമായി എല്ലാ ദിവസവും പഴയ തുണികളും, കുപ്പികളും, ചെരുപ്പുകളും കൊണ്ടു വരികയും, അത് പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന പെട്ടികളിൽ നിക്ഷേപിക്കുകയും ചെയ്തുവരികയാണ്. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഈ പദ്ധതിയാണ് ഇപ്പോഴത്തെ കൗൺസിലറുടെ നേതൃത്വത്തിൽ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ഈ വിഷയത്തിൽ ശക്തമായ ജനരോഷം ഉയർന്നുവരേണ്ടതുണ്ട്.....