തിരുവനന്തപുരം: സർക്കാറുമായി യുദ്ധം പ്രഖ്യാപിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസം വലിയ മാറ്റം സംഭവിക്കാൻ പോവുകയാണ്. കേരളത്തിലെ സർവകലാശാലകളെ ലോകോത്തര വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. എന്നാൽ അതിനു സഹായിക്കേണ്ട ഗവർണർ ആർ.എസ്.എസിന്റെ നിർദേശ പ്രകാരം അതിനെ തകൾക്കാനാണ് പ്രവർത്തിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി.

സർവകലാശാലകളുടെ ദൈനംദിന പ്രവർത്തനം തകർക്കുന്ന ഗവർണറുടെ നിലപാട് ഖേദകരമാണെന്നും മന്ത്രി പറഞ്ഞു. ചാൻസലർ കാലഹരണപ്പെട്ട ഫ്യൂഡൽ കാലത്താണെന്ന് തോന്നുന്നുവെന്നും അതിനെയൊക്കെ മറികടന്ന നാടാണ് കേരളമെന്നും മന്ത്രി പറഞ്ഞു. സർവകലാശാലകളെ ഇകഴ്‌ത്തുകയും നാടിനെ അപമാനിക്കുകയുമാണ് ഗവർണർ ചെയ്യുന്നത്.

ഗവർണർ പദവിയോടുള്ള എല്ലാ ആദരവും കാണിച്ചുകൊണ്ടാണ് ഇതുവരെ സംസാരിച്ചിട്ടുള്ളത്. എന്നാൽ മന്ത്രിമാരെ പുറത്താക്കുമെന്ന് അദ്ദേഹം ഭീക്ഷണിപ്പെടുത്തി. തങ്ങളാരും മന്ത്രി സ്ഥാനം കണ്ടല്ല രാഷ്ട്രീയത്തിലിറിങ്ങിയത്. സർവകലാശാലകളെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പേകാൻ ശ്രമിക്കുന്നവരാണ് കേരളത്തിലെ വി സിമാർ. ഗവർണർ നിയമം നോക്കിയല്ല പെരുമാറുന്നതെന്നും മന്ത്രി പറഞ്ഞു.

സാങ്കേതിക പുനപരിശോധന ഹർജി നൽകുന്നതുവരെ സർവകലാശാല അനാഥമാകരുത്. അതിനാലാണ് ചുമതലയ്ക്ക് പേര് നിർദേശിച്ചത്. ഗവർണറുടെ നടപടിയെ പ്രതിപക്ഷം പിന്തുണക്കുന്നത് കേരളത്തിന് നല്ലതല്ലെന്നും മന്ത്രി പറഞ്ഞു.