- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തെ വൈജ്ഞാനിക സമൂഹമായി മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം: മന്ത്രി ഡോ. ആർ ബിന്ദു
തൃശ്ശൂർ: കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ 'ആസ്പയർ 2023' മെഗാ തൊഴിൽ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
അടുത്ത വർഷം മുതൽ നാല് വർഷ ബിരുദ കോഴ്‌സിൽ നൈപുണ്യ പരിശീലനത്തിന് ക്രെഡിറ്റ് സ്‌കോർ നൽകികൊണ്ട് അനിവാര്യ വിഷയമായി മാറ്റണം എന്നാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതുവഴി തൊഴിലിലേക്ക് പോകുന്നതിനുള്ള വിദ്യാർത്ഥികളുടെ ആത്മ വിശ്വാസം വർധിക്കുകയും നേതൃത്വ ശേഷിയും കർമ്മശേഷിയും തുടങ്ങി വിദ്യാർത്ഥികൾക്ക് സർവ്വോന്മുഖ വികസനം ഉറപ്പിക്കാൻ ഉതകുന്ന രീതിയിലാകും ഈ പരിഷ്‌കാരങ്ങൾ എന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച നൈപുണ്യ പരിചയ മേളയുടെ തുടർച്ചയാണ് തൊഴിൽ മേള. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിച്ചുവരുന്ന അസാപ് കേരള 140 ഓളം കോഴ്സുകൾ വിദ്യാർത്ഥികൾക്ക് നൽകി വരുന്നു. വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള വിടവ് നികത്തി യുവജനങ്ങളെ തൊഴിൽ സജ്ജരാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇതിനു വേണ്ടി പ്രവർത്തിക്കുന്ന ഏജൻസിയാണ് അസാപ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
മൾട്ടി നാഷണൽ കമ്പനികൾ ഉൾപ്പെടെ ഇരുപതോളം കമ്പനികൾ തൊഴിൽ നൽകാൻ സന്നദ്ധരായി തൊഴിൽ മേളയിൽ പങ്കെടുത്തു. ഐ.ടി, കൊമേഴ്‌സ്, ബാങ്കിങ് ആൻഡ് ഫിനാൻസ്, ഇലക്ട്രിക്കൽ, സിവിൽ, ഓട്ടോമോട്ടീവ് തുടങ്ങിയ വിവിധ തൊഴിൽ മേഖലകളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര യോഗ്യതയുള്ള തൊഴിലന്വേഷകർക്ക് തൊഴിൽ കണ്ടെത്താനുള്ള ശ്രദ്ധേയമായ അവസരമാണ് ഒരുക്കിയത്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നടന്ന ചടങ്ങിൽ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ റവ. ഫാ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോസ് ജെ ചിറ്റിലപ്പള്ളി, കെ എസ് തമ്പി, സീമ പ്രേംരാജ്, അസാപ്പ് കേരള മാനേജിങ് ഡയറക്ടർ ആൻഡ് ചെയർപേഴ്സൺ ഡോ. ഉഷ ടൈറ്റസ്, അസാപ്പ് കേരളയുടെ പ്ലേസ്മെന്റ് ഡിവിഷൻ ഹെഡ് ലൈജു ഐ പി നായർ, അസാപ്പ് കേരള അസോസിയേറ്റ് ഡയറക്ടർ ആന്റോ ജോസ്, എസ്‌ബിഐ റീജ്യണൽ മാനേജർ എം സംഗീത ഭാസ്‌കർ, എച്ച്ഡിഎഫ്സി ഗവ. ബാങ്കിങ് സ്റ്റേറ്റ് ഹെഡ് ചാർവക വിജയൻ, ക്രൈസ്റ്റ് കോളേജ് മാനേജർ റവ. ഫാ. ജോയ് പീനിക്കപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.



