തിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. സുരേഷ് ഗോപിയുടെ പെരുമാറ്റം അപലപനീയമെന്ന് മന്ത്രി പ്രതികരിച്ചു.

ഫ്യൂഡൽ മേലാള ബോധത്തിലാണ് സുരേഷ് ഗോപി പെരുമാറിയതെന്നും മന്ത്രി വിമർശിച്ചു.

ഓരങ്ങളിലേക്ക് തള്ളി മാറ്റുക എന്നത് തന്നെയാണ് അക്ഷരാർത്ഥത്തിൽ സുരേഷ് ഗോപി ചെയ്തതെന്നും പ്രകടിപ്പിച്ചത് ചോദ്യങ്ങളോടുള്ള അസഹിഷ്ണുതയാണ് പ്രകടിപ്പിച്ചതെന്നും ആർ ബിന്ദു വ്യക്തമാക്കി. 'കൂടുതൽ ചോദ്യം ചെയ്ത് ഓവർ സ്മാർട്ട് ആകേണ്ട എന്നാണ് സുരേഷ് ഗോപി പെരുമാറ്റത്തിലൂടെ അറിയിച്ചിരിക്കുന്നത്. കാലഹരണപ്പെട്ട മൂല്യബോധമാണ് സുരേഷ് ഗോപിയുടെ മനസ്സിൽ അടിഞ്ഞുകൂടി കിടക്കുന്നത്' മന്ത്രി പറഞ്ഞു.

'ആദ്യം അദ്ദേഹം ബ്രാഹ്മണനായി ജനിക്കണം എന്ന് പറഞ്ഞു. പിന്നീട് അദ്ദേഹം താഴെമൺ കുടുംബത്തിൽ ജനിക്കണം എന്ന് പറഞ്ഞു. മറ്റൊരിക്കൽ പെൺകുട്ടിയായി ജനിക്കണം എന്ന് പറഞ്ഞു. ഇതൊക്കെ അതാണ് വ്യക്തമാക്കുന്നത്, ഒരു ആദിവാസി കുട്ടിക്ക് പഠന സൗകര്യം ഒരുക്കിയതായി സുരേഷ് ഗോപി നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ സർക്കാരാണ് കുട്ടിക്ക് സൗകര്യങ്ങൾ ഒരുക്കി കൊടുത്തതെന്ന് മന്ത്രി രാധാകൃഷ്ണൻ വ്യക്തമാക്കിയത്' ആർ ബിന്ദു വെളിപ്പെടുത്തി.-