തിരുവനന്തപുരം: നിർമ്മിത ബുദ്ധിയുടെ കാലത്ത് വെർച്വൽ ലോകവും റിയൽ ലോകവും തമ്മിലുള്ള അതിരുകൾ കൂടിക്കലരുന്നതും മാഞ്ഞ് ഇല്ലാതാകുന്നതും സൂക്ഷ്മതയോടെയും ജാഗ്രതയോടെയും കൈകാര്യം ചെയ്യാനുള്ള ശേഷി വിദ്യാർത്ഥി സമൂഹത്തിനുണ്ടാകണമെന്ന് മന്ത്രി ആർ ബിന്ദു.

സാങ്കേതികവിദ്യാ വിസ്‌ഫോടനത്തിന്റെ കാലത്ത് പുതിയ നൈപുണ്യ ശേഷികൾ സ്വായത്തമാക്കാനും അതിൽ വൈദഗ്ധ്യം തെളിയിക്കാനും ഉതകുന്ന രീതിയിൽ സർക്കാർ ഒരുക്കിയിട്ടുള്ള സംവിധാനങ്ങളെ വിദ്യാർത്ഥികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഐസിടി അക്കാദമി ഓഫ് കേരളയുടെ പുതിയ റീജിയണൽ സെന്റർ കൊരട്ടി ഇൻഫോപാർക്കിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഐസിടിഎകെ സിഇഒ മുരളീധരൻ മണ്ണിങ്ങൽ സ്വാഗതവും ഐസിടിഎകെ സൊല്യൂഷൻസ് ആൻഡ് റിസർച്ച് മേധാവി ഡോ. ശ്രീകാന്ത് ഡി നന്ദിയും പറഞ്ഞു. വ്യവസായികാന്തരീക്ഷത്തിൽ ഇന്ന് നിലനിൽക്കുന്ന പ്രവണതകളേയും ഒപ്പം അതു സാധ്യമാക്കുന്ന തൊഴിലവസരങളെയും കുറിച്ചുള്ള പാനൽ ചർച്ച ഐസിടിഎകെ മുൻ മേധാവി സന്തോഷ് കുറുപ്പിന്റെ നേതൃത്വത്തിൽ നടന്നു.

ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, കുസാറ്റിലെ ഐടി സ്‌കൂൾ ഓഫ് എൻജിനീയർ ഡോ. ദലീഷ എം വിശ്വനാഥൻ, ഐബിഎം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഐഎസ്എൽ കൊച്ചി ലാബ്, ഡാറ്റ ആൻഡ് എഐ പ്രോഗ്രാം ഡയറക്ടർ മാധുരി ഡി എം എന്നിവർ പങ്കെടുത്തു. അഭിലഷണീയരായ പ്രൊഫഷണലുകൾക്ക് വിദ്യാഭ്യാസവും വ്യവസായ മേഖലയും തമ്മിലുള്ള വിടവ് നികത്താൻ ആവശ്യമായ വിവരങ്ങൾ നൽകിയ ഇന്റേൺഷിപ്പ് ഓറിയന്റേഷൻ സെഷന് ഐസിടിഎകെ നോളജ് ഓഫീസ് മേധാവി റിജി എൻ ദാസ് നേതൃത്വം നൽകി.