തൃശൂർ: ഗൃഹനാഥനെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചതായി വിവരങ്ങൾ. കുന്നംകുളം കാണിപ്പയ്യൂരിലാണ് സംഭവം നടന്നത്. മുൻ കുന്നംകുളം നഗരസഭകൗൺസിലർ ഇന്ദിരയുടെ ഭർത്താവ് കാണിപ്പയ്യൂർ സ്വദേശി ലത ഭവനിൽ ശശികുമാറിനെയാണ് (65) കഴിഞ്ഞ ദിവസം രാവിലെ തെരുവ് നായ ദാരുണമായി ആക്രമിച്ചത്. തുടർന്ന് ചത്ത നിലയിൽ കണ്ടെത്തിയ തെരുവ് നായയുടെ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.

വീടിനു മുന്നിൽ നിൽക്കുകയായിരുന്ന ശശികുമാറിനെ തെരുവനായ പാഞ്ഞെത്തി കൈയിൽ കടിക്കുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ ശശികുമാർ തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

അതേസമയം, നഗരസഭയില്‍ തെരുവുനായ്ക്കള്‍ക്കുള്ള വാക്സിനേഷന്‍ നാളെ ആരംഭിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ അറിയിച്ചു. രാവിലെ എട്ട് മണിക്ക് പതിനാറാം വാർഡായ കാണിപ്പയ്യൂരിലാണ് ഗവ. വെറ്ററിനറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ വാക്സിനേഷന്‍ ആരംഭിക്കുക.