പാലക്കാട്:നായയുടെ നഖം കൊണ്ട് മുറിവേറ്റ വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു. ചെറുപ്പുളശ്ശേരിയിലാണ് സംഭവം. വെള്ളിനേഴി എർളയത്ത് ലതയാണ് ( 60 ) തൃശൂർ മെഡിക്കൽ കോളേജിൽ മരിച്ചത്. ഇവരുടെ വീട്ടിൽ സ്ഥിരം എത്തുന്ന തെരുവ് നായയുടെ നഖം തട്ടി മൂക്കിൽ മുറിവേറ്റിരുന്നു.

ഏറെ നാളായി ലതയുടെ കൂട്ടിനുണ്ടായിരുന്ന നായയുടെ നഖമാണ് ലതയുടെ മൂക്കിൽ കൊണ്ടത്. നായയും പൂച്ചയും തമ്മിൽ കടിപിടികൂടുന്നത് കണ്ട് പിടിച്ചുമാറ്റുന്നതിനിടയിലാണ് സംഭവം. എന്നാൽ മുറിവേറ്റിട്ടും പ്രതിരോധ കുത്തിവെപ്പെടുക്കാൻ ലത ആശുപത്രിയിൽ പോയിരുന്നില്ല. രോഗ ലക്ഷണങ്ങൾ കണ്ടതോടെയാണ് തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്.

ഇന്ന് രാവിലെ മരിക്കുകയായിരുന്നു. തിങ്കളാഴ്ച പ്രദേശത്തെ വളർത്തുനായകൾക്കും കന്നുകാലികൾക്കും മൃഗസംരക്ഷണ വകുപ് പ്രതിരോധ കുത്തിവെപ്പ് നൽകും.