കൊച്ചി: ''ഗോമാതാ ഉലർത്ത്'' എന്ന പേരിൽ പാചക വിഡിയോ ചെയ്ത രഹ്ന ഫാത്തിമയ്ക്കെതിരെയുള്ള കേസ് സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി. മതവികാരം വൃണപ്പെടുത്തിയെന്ന് കാട്ടി രജിസ്റ്റർ ചെയ്ത എഫ് ഐ ആർ സ്റ്റേ ചെയ്യണമെന്ന രഹ്ന ഫാത്തിമയുടെ ആവശ്യമാണ് കോടതി തള്ളിയത്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് സ്റ്റേ ആവശ്യം നിരസിച്ചത്. ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെത്തുടർന്ന് രഹ്ന ശബരിമല ദർശനത്തിനെത്തിയത് വിവാദത്തിലായിരുന്നു. പിന്നാലെ ബിഎസ്എൻഎൽ രഹ്നയെ സർവീസിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

ബോധപൂർവം വർഗീയ സംഘർഷമുണ്ടാക്കാനായി യൂട്യൂബ് ചാനൽ വഴി പാചക പരിപാടി അവതരിപ്പിച്ചെന്ന് കാട്ടി അഭിഭാഷകൻ രജീഷ് രാമചന്ദ്രൻ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. യൂട്യൂബ് ചാനലിലൂടെ 'ഗോമാതാ ഉലർത്ത്' എന്ന പേരിൽ ബീഫ് പാചകം ചെയ്യുന്ന കുക്കറി വീഡിയോ പോസ്റ്റ് ചെയ്തതാണ് വിവാദത്തിന് കാരണം.

ശബരിമല യുവതിപ്രവേശവുമായി ബന്ധപ്പെട്ട് രഹ്ന ഫാത്തിമ വിവാദം ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് ഇവർ ജോലി ചെയ്തിരുന്ന ബിഎസ്എൻഎലിൽ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇത് കൂടാതെ പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരിപ്പിച്ച് സമൂഹ മധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിലും രഹ്ന ഫാത്തിമയ്ക്കെതിരെ കേസെടുത്തിരുന്നു. ഈ സംഭത്തിൽ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തിയാണ് രഹ്ന ഫാത്തിമയ്ക്കെതിരെ കേസെടുത്തിരുന്നത്. 'ബോഡി ആൻഡ് പൊളിറ്റിക്സ്' എന്ന തലക്കെട്ടോടെ രഹ്നാ ഫാത്തിമ തന്നെയാണ് സ്വന്തം മക്കൾ തന്റെ ശരീരത്ത് ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.

പ്രായ പൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ ശരീര പ്രദർശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടി തിരുവല്ല സ്വദേശിയായ അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ജുവനൈൽ ആക്ട്, ഐടി ആക്ട് എന്നിവ പ്രകാരമാണ് രഹ്ന ഫാത്തിമക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായിട്ടാണ് കുട്ടികളെ കൊണ്ട് നഗ്‌ന ശരീരത്തിൽ ചിത്രം വരപ്പിച്ചതെന്നാണ് രഹന ഫാത്തിമ മറുപടി നൽകിയത്.

രഹ്ന ഫാത്തിമയോട് മാധ്യമങ്ങളിലൂടെയുള്ള അഭിപ്രായപ്രകടനങ്ങൾ നിർത്താൻ ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. 2018 ൽ രഹ്ന സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പരാമർശങ്ങൾ മത വിശ്വാസത്തെ അവഹേളിച്ചെന്ന കേസ് കോടതിയിൽ നിലനിൽക്കെ, ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് കാണിച്ച് നൽകിയ ഹർജിയിലാണ് ഈ നിർദ്ദേശം നൽകിയത്. 'ഗോമാതാ ഉലർത്ത്' എന്ന പേരിൽ രഹ്ന സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുക്കറി ഷോ വീഡിയോ മത സ്പർദ്ധയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ബോധപൂർവ്വം ചെയ്തതാണെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.

കേസിന്റെ വിചാരണ കഴിയുന്നതുവരെ നേരിട്ടോ, അല്ലാതെയോ, മറ്റ് ദൃശ്യമാധ്യമങ്ങൾ വഴിയോ അഭിപ്രായങ്ങൾ പുറത്തുവിടരുതെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.