- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞാലിക്കുട്ടി സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഒരു അതിഥി; കോട്ടയ്ക്കലിലെ ചികിത്സയ്ക്കിടെ ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ പങ്കെടുത്ത് രാഹുൽ ഗാന്ധി; ഉമ്മൻ ചാണ്ടിയെ പോലുള്ള നേതാക്കൾ ആവശ്യമാണെന്നും ചെറുപ്പക്കാർ അദ്ദേഹത്തെ മാതൃകയാക്കണമെന്നും രാഹുൽ
മലപ്പുറം: കോട്ടയ്ക്കൽ ആയുർവേദ ആശുപത്രിയിലെ ചികിത്സയ്ക്കിടെ, അപ്രതീക്ഷിതമായി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത് രാഹുൽ ഗാന്ധി. മലപ്പുറം ഡിസിസി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിലാണ് രാഹുൽ അപ്രതീക്ഷിതമായി എത്തിയത്.
പരിപാടിയിൽ പങ്കെടുക്കുന്നവരുടെ പട്ടികയിൽ രാഹുലിന്റെ പേരില്ലായിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. വേദിയിലേക്ക് എത്തിയ രാഹുൽ ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.
മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി സംസാരിക്കുന്നതിനിടെയാണ് രാഹുൽ വേദിയിലേക്ക് എത്തിയത്. അതുവരെ മലയാളത്തിൽ സംസാരിച്ചുകൊണ്ടിരുന്ന കുഞ്ഞാലിക്കുട്ടി, രാഹുൽ എത്തിയതോടെ പ്രസംഗം ഇംഗ്ലീഷിലാക്കി.
കേരളത്തിന് ഉമ്മൻ ചാണ്ടിയെപ്പോലുള്ള നേതാക്കൾ ആവശ്യമാണെന്നും അദ്ദേഹം ജനങ്ങളിൽ നിന്ന് ഉയർന്നുവന്ന നേതാവാണെന്നും രാഹുൽ പറഞ്ഞു. താൻ രാഷ്ട്രീയത്തിൽ സജീവമായതിന് ശേഷം അദ്ദേഹത്തെപ്പറ്റി മോശമായി ആരും ഒന്നും പറയുന്നത് കേട്ടിട്ടില്ല. കേരളത്തിലെ ജനങ്ങളെപ്പറ്റി അദ്ദേഹവും ഒരിക്കൽ പോലും മോശമായി സംസാരിച്ചിട്ടില്ല. കേരളത്തിലെ ചെറുപ്പക്കാർ ഉമ്മൻ ചാണ്ടിയെ മാതൃകയായി സ്വീകരിക്കണമെന്ന് രാഹുൽ പറഞ്ഞു.
ഭാരത് ജോഡോ യാത്രയുമായി താൻ കേരളത്തിലൂടെ സഞ്ചരിക്കുമ്പോൾ അദ്ദേഹം പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ രോഗാവസ്ഥ മനസിലാക്കി വിലക്കാൻ നോക്കിയെങ്കിലും പങ്കെടുത്തു. അവശനായിരുന്നതിനാൽ അദ്ദേഹത്തിന്റെ കൈപിടിച്ച് നടത്താൻ താൻ സഹായിച്ചു. എന്നാൽ ഒറ്റയ്ക്ക് നടക്കണമെന്ന് അദ്ദേഹം വാശി പിടിച്ചു. ഗുരുതരമായ രോഗാവസ്ഥയിലും, ജീവിതത്തിന്റെ അവസാന ചുവടുകളിലും ഇതുപോലെ പാർട്ടിക്കായി ആത്മാർഥതയോടെ പോരാടിയ വ്യക്തിയാണ് ഉമ്മൻ ചാണ്ടി.
വിദ്വേഷം, പക എന്നിവ കൊണ്ട് അന്ധനായിരുന്നില്ല അദ്ദേഹം. ജാതി, മത, വർഗവ്യത്യാസ ചിന്തകൾക്ക് അതീതമായി ജീവിച്ചിരുന്ന മനുഷ്യനാണ് ഉമ്മൻ ചാണ്ടി. താൻ അദ്ദേഹത്തെപ്പറ്റി പറയുന്ന കാര്യങ്ങൾ കേൾക്കാൻ അദ്ദേഹം ഇല്ലാത്തതിൽ വിഷമമുണ്ടെന്നും രാഹുൽ പറഞ്ഞു.
കോട്ടയ്ക്കലിൽ 29-ാം തീയതി വരെയാണ് രാഹുലിന്റെ ചികിത്സ.




