കണ്ണൂർ: വളപട്ടണം റെയിൽവെ സ്റ്റേഷനിരികെ റെയിൽവെ ട്രാക്കിൽ കല്ലുകൾ നിരത്തിവെച്ച സംഭവത്തിൽ രണ്ടുകുട്ടികളെ വളപട്ടണം പൊലിസ്പിടികൂടി. ബുധനാഴ്‌ച്ച രാവിലെയാണ് പെട്രോളിങ് നടത്തുകയായിരുന്ന പൊലിസ് റെയിൽവെ ട്രാക്കിന് സമീപം കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ പാളത്തിൽ കരിങ്കല്ലുകൾ നിരത്തിവയ്ക്കുന്നത് കണ്ടത്. ഇതേ തുടർന്ന് ഇവരെ ചോദ്യം ചെയ്ത പൊലിസ് കുട്ടികളുടെ രക്ഷിതാക്കളോട് വളപട്ടണം സ്റ്റേഷനിൽ ഹാജരാവാൻ ആവശ്യപ്പെടുകയായിരുന്നു.

കണ്ണൂർ-കാസർകോട് റെയിൽവെ പാളത്തിൽ ട്രെയിനിനു നേരെ കല്ലേറും പാളത്തിൽ കല്ലുകളും മറ്റുംവയ്ക്കുന്നത് വ്യാപകമായതിനെ തുടർന്നാണ് പൊലിസ് സുരക്ഷ ശക്തമാക്കിയത്. ഒരാഴ്‌ച്ച മുൻപാണ് കണ്ണൂർറെയിൽവെ സ്റ്റേഷനു സമീപത്തെ പാറക്കണ്ടിയിൽനിന്നും രണ്ടു ട്രെയിനുകൾക്ക് കല്ലേറിഞ്ഞ കേസിൽ ഒഡീഷസ്വദേശിയെ കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റു ചെയ്തത്.

ഖോർദ സ്വദേശി സർവേശിനെ (25)പിന്നീട് തലശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിമാൻഡ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് പ്രതിയെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും കണ്ണൂർ ടൗൺ പൊലിസും അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് 16ന് രാത്രി നേത്രാവതി എക്സപ്രസ്, ചെന്നൈ സൂപ്പർ ഫാസ്റ്റ് എന്നീ ട്രെയിനുകൾക്കു നേരെയാണ് ഇയാൾ കല്ലെറിഞ്ഞത്. മദ്യ ലഹരിയിൽ നാലു തവണ ട്രെയിനുകൾക്കു നേരെ ക്ലലെറിഞ്ഞുവെന്ന് പ്രതി സമ്മതിച്ചിരുന്നു. ഇതിൽ രണ്ടു കല്ലുകളാണ് ഒരേ സമയം ഇതിലൂടെ കടന്നു പോയ ട്രെയിനുകളിൽ പതിച്ചത്. വിശദമായി ചോദ്യം ചെയ്യാൻ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും വിട്ടുകിട്ടാൻ ഹരജി നൽകുമെന്ന് കണ്ണൂർ ടൗൺ പൊലിസ് അറിയിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് 16ന് രണ്ടു ട്രെയിനുകൾക്ക് ഒരേസമയംകല്ലെറിഞ്ഞത് മദ്യലഹരിയിലായിരുന്നുവെന്ന് ഒഡീഷ സ്വദേശിയായ യുവാവിന്റെ മൊഴി. പത്തു വർഷത്തോളമായി കണ്ണൂരിൽ പെയിന്റിങ് തൊഴിലാളിയായി ജോലി ചെയ്യുന്ന സർവേഷാണ് കല്ലെറിഞ്ഞത്. അമിതമായ ബിയൽ കഴിച്ചതിനു ശേഷം താൻ പാറക്കണ്ടിയിലെ റെയിൽവെ ട്രാക്കിനു സമീപം പൊന്തക്കാടുകൾക്കിടയിൽ കുത്തിയിരുന്നാണ് കല്ലെറിഞ്ഞതെന്നു ഇയാൾ തെളിവെടുപ്പിനിടെ പൊലിസിന് മൊഴി നൽകി.

താൻ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നും അതിനു ശേഷം ഓടിപോവുകയായിരുന്നുവെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ കല്ലെറിഞ്ഞതിന് പ്രത്യേകകാരണമൊന്നുമില്ലെന്നാണ് സർവേഷ് പൊലിസിനോട് പറഞ്ഞത്. നേത്രാവതി എക്സ്പ്രസ്, ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾക്ക് ഞായറാഴ്ച വൈകിട്ട് ഏഴിനും ഏഴരയ്ക്കും ഇടയിലാണ് ഇയാൾ കല്ലെറിഞ്ഞത്. ഇരുന്നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. പൊലിസചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

കാസർകോട് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ മെയ്‌ 5ന് വൈകിട്ട് വളപട്ടണം റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമിനു സമീപം വന്ദേഭാരത് എക്സ്പ്രസിനു കല്ലേറുണ്ടായിരുന്നു. കഴിഞ്ഞവർഷം ജൂലൈ 19ന് വളപട്ടണം റെയിൽവേ പാലത്തിനു സമീപം ട്രാക്കിൽ മീറ്ററുകളോളം നീളത്തിൽ കരിങ്കല്ല് നിരത്തിയിട്ട് ട്രെയിൻ അപകടത്തിൽപ്പെടുത്താൻ ശ്രമമുണ്ടായിരുന്നു. കല്ലേറിൽ യാത്രക്കാർക്കും ലോക്കോ പൈലറ്റുമാർക്കും റെയിൽവേ ഉദ്യോഗസ്ഥർക്കുമെല്ലാം പരുക്കേറ്റ സംഭവങ്ങളും ഒട്ടേറെയുണ്ട്.

2022 ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ റെയിൽവേ സുരക്ഷാസേന 5 കേസുകളാണെടുത്തത്. ഓഗസ്റ്റ് 20ന് കോട്ടിക്കുളത്ത് ട്രാക്കിൽ ഇരുമ്പുപാളി വച്ചത് ശ്രദ്ധയിൽപ്പെട്ടിരുന്നു. അന്നുതന്നെ ചിത്താരിയിൽ ട്രെയിനിനു നേരെ കല്ലേറുമുണ്ടായി. ജൂലൈ 17ന് കുമ്പളയിൽ ട്രാക്കിൽ കല്ലും ക്ളോസറ്റും നിരത്തിയതും കണ്ടെത്തിയിരുന്നു.കണ്ണൂരിനും കാസർകോടിനുമിടയിൽ യാത്രക്കാർക്ക് ഭീഷണിയായിമാറിയിരിക്കുകയാണ്.