- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് നാലു ജില്ലകളിൽ ശക്തമായ മഴ; യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. നേരത്തെ ഒരു ജില്ലയിലും ഇന്ന് മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. എന്നാൽ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മഴ മുന്നറിയിപ്പ് ഇല്ല. എന്നാൽ ബുധനാഴ്ച മുതൽ വീണ്ടും മഴ സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടൽ. ബുധനാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ച ഏഴ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ് കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചത്.
ബംഗാൾ ഉൾക്കടലിൽ ശനിയാഴ്ചയോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിന്റെ സ്വാധീനഫലമായാണ് വരുംദിവസങ്ങളിൽ വീണ്ടും മഴ ശക്തമാകുന്നത്. വ്യാഴാഴ്ചയോടെ വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ വടക്കൻ ആൻഡമാൻ കടലിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദമായി ഇത് ശക്തി പ്രാപിക്കുമെന്നാണ് പ്രവചനത്തിൽ പറയുന്നത്. തുടർന്ന് പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചേക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.



