തിരുവനന്തപുരം : തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. തിരുവനന്തപുരംമുതൽ ആലപ്പുഴ വരെ യെല്ലോ അലർട്ടാണ്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിപ്പ്.

തിരുവനന്തപുരത്തിന്റെ താഴ്ന്ന മേഖലകളിൽ എല്ലാം വെള്ളക്കെട്ടാണ്. അപ്പർകുട്ടനാടൻ മേഖലകളിൽ വെള്ളം കയറിത്തുടങ്ങി. ആലപ്പുഴയിലെ ചില താഴ്ന്ന പ്രദേശങ്ങൾ നിലവിൽ വെള്ളക്കെട്ടിലാണ്. ചേർത്തലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. കുട്ടനാട്ടിൽ ചമ്പക്കുളം, മങ്കൊമ്പ് എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതും വെള്ളക്കെട്ടിന് കാരണമായി.

തെക്ക് പടിഞ്ഞാറൻ ഝാർഖണ്ഡിനും അതിനോട് ചേർന്ന വടക്കൻ ഛത്തിസ്ഗഡിനും മുകളിൽ ന്യൂനമർദവും മധ്യ മഹാരാഷ്ട്രയ്ക്ക് മുകളിൽ ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസം മഴയും ഇടിമിന്നലും തുടരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ജാഗ്രത ശക്തമാക്കണമെന്നും നിർദ്ദേശമുണ്ട്.

വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനാൽ കോട്ടയം താലൂക്കിലെ ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ക്യാന്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും ഇന്ന് അവധിയാണ്.