തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലകളിൽ യെല്ലൊ അലർട്ടാണ്.

നെയ്യാറിലെ ജലനിരപ്പ് അപകടനിലയിൽ എത്തിയതിനാൽ കേന്ദ്ര ജലകമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തിങ്കളാഴ്ച പെയ്ത മഴയിൽ തിരുവനന്തപുരം ജില്ലയിൽ പലയിടത്തും വെള്ളക്കെട്ടുണ്ട്. വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനാൽ ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ/ ഇടത്തരം മഴ/ ഇടി/മിന്നൽ എന്നിവ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

തെക്ക് പടിഞ്ഞാറൻ ഝാർഖണ്ഡിനും അതിനോട് ചേർന്ന വടക്കൻ ഛത്തിസ്ഗഡിനും മുകളിൽ ന്യൂനമർദവും മധ്യ മഹാരാഷ്ട്രയ്ക്ക് മുകളിൽ ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായാണ് മഴ.