പത്തനംതിട്ട: റെഡ് അലെർട്ട് പ്രഖ്യാപിച്ച ജില്ലയിൽ മഴയ്ക്ക് ശമനം. ഒഴുക്കിൽപ്പെട്ട് വയോധിക മരിച്ചു. അതിഥിത്തൊഴിലാളി അടക്കം രണ്ടു പേരെ കാണാതായി. വയോധികയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കൽ ഇളംമ്പള്ളിൽ പാടത്തിൻ തറയിൽ മണിയമ്മാൾ(75) നെയാണ് പാതിരാശ്ശേരി പാലത്തിനടുത്ത് ഇന്നലെ വൈകിട്ട് ആറരമണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് ഇവരെ പുറത്തെടുത്തത്. തിങ്കളാഴ്ച ഉച്ച മുതൽ ഇവരെ കാൺമാനില്ലായിരുന്നു. മക്കൾ: വേണുഗോപാൽ, പ്രമീള, ഹരികുമാർ, പ്രകാശ്. മരുമക്കൾ: രമ്യ,സുജ,സനിത, മനോജ്.

മണക്കാല സെമിനാരിപ്പടി ഭാഗത്ത് പള്ളിക്കലാറ്റിൽ വയോധികനെ കാണാതായി.മണക്കാല സ്വദേശി ഗോവിന്ദൻ(60) എന്നയാളെയാണ് കാണാതായത്. മീൻ പിടിക്കുന്നതിന് ചൂണ്ടയിടുകയായിരുന്നു. തുടർന്ന് തേങ്ങ ഒഴുകി വരുന്നത് കണ്ട് ഇത് എടുക്കുന്നതിനായി പള്ളിക്കലാറ്റിലേക്ക് ചാടി ഒഴുക്കിൽ പെടുകയായിരുന്നുവെന്ന് അഗ്നി രക്ഷാ സേന അധികൃതർ പറത്തു. ഗോവിന്ദനെ കണ്ടെത്തുന്നതിനായി അഗ്നി രക്ഷാസേന തിരച്ചിൽ നടത്തിയെങ്കിലൂം ഫലം കണ്ടില്ല. രാത്രി വൈകിയതിനാലും പ്രതികൂല കാലാവസ്ഥ ആയതിനാലും സേന താൽക്കാലികമായി തിരച്ചിൽ അവസാനിപ്പിച്ചു.

മണിമലയാറ്റിൽ അതിഥി തൊഴിലാളിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. ബീഹാർ സ്വദേശി നരേഷാ(25)ണ് ഒഴുക്കിൽപ്പെട്ടത്. പുറമറ്റം വില്ലേജിൽ കോമളം പാലത്തിനു സമീപമാണ് ഇയാൾ വെള്ളത്തിൽ വീണത്. കല്ലൂപ്പാറയിലുള്ള ഇഷ്ടിക കമ്പനിയിലെ തൊഴിലാളിയാണ്. നരേഷ് അടക്കം മൂന്നു പേരാണ് ആറ്റിൽ നീന്തിയത്. ഇതിൽ നരേഷ്ാണ് ഒഴുക്കിൽപ്പെട്ടത്. ഡെപ്യൂട്ടി തഹസിൽദാരും പുറമറ്റം വില്ലേജ് ഓഫീസറും കോയിപ്പുറം പൊലീസും സ്ഥലത്തെത്തി. ഫയർ ഫോഴ്സിന്റെ സ്‌കൂബ ടീം തെരച്ചിൽ തുടങ്ങിയെങ്കിലും നേരം വൈകിയതിനാൽ നിർത്തി വച്ചു. ഇന്ന് രാവിലെ ഒമ്പതിന് തെരച്ചിൽ പുനരാരംഭിക്കും.