- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുലാവര്‍ഷം തുടങ്ങിയിട്ടും വൃഷ്ടിപ്രദേശത്ത് മഴയില്ല; ഇടുക്കിയില്‍ വൈദ്യുതോത്പാദനം കൂട്ടാനാകാതെ കെ.എസ്.ഇ.ബി.
തുലാവര്‍ഷം തുടങ്ങിയിട്ടും വൃഷ്ടിപ്രദേശത്ത് മഴയില്ല; ഇടുക്കിയില്‍ വൈദ്യുതോത്പാദനം കൂട്ടാനാകാതെ കെ.എസ്.ഇ.ബി.
ചെറുതോണി: ഇടുക്കി അണക്കെട്ടില്‍ വൈദ്യുതോത്പാദനം കൂട്ടാനാകാതെ കെ.എസ്.ഇ.ബി. തുലാവര്‍ഷം തുടങ്ങിയിട്ടും വൃഷ്ടിപ്രദേശത്ത് മഴ കുറവായതാണ് കെ.എസ്.ഇ.ബി.ക്ക് തിരിച്ചടി ആയത്. തുലാമഴയും അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞത് വൈദ്യുതിബോര്‍ഡിനെ ആശങ്കയിലാക്കുന്നു. തുലാവര്‍ഷത്തിലായിരുന്നു കെ.എസ്.ഇ.ബി.യുടെ പ്രതീക്ഷ. 35.2 മില്ലിമീറ്റര്‍ മഴയാണ് പദ്ധതിപ്രദേശത്ത് വ്യാഴാഴ്ച ലഭിച്ചത്. ശരാശരി മൂന്ന് യൂണിറ്റില്‍ താഴെ വൈദ്യുതിയാണ് ഇപ്പോള്‍ പ്രതിദിനം ഇടുക്കിയിലെ വെള്ളമുപയോഗിച്ച് മൂലമറ്റം വൈദ്യുതനിലയത്തില്‍ ഉത്പാദിപ്പിക്കുന്നത്.
മഴ കുറഞ്ഞതിനാല്‍ ഇടുക്കിയില്‍ ജലനിരപ്പ് ഷട്ടര്‍ ലെവലില്‍ ക്രമീകരിച്ചാണ് വൈദ്യുതി ഉത്പാദനം. 2373 അടിയാണ് ഷട്ടര്‍ ലെവല്‍. 2374.14 അടിയാണ് വ്യാഴാഴ്ച അണക്കെട്ടിലെ ജലനിരപ്പ്. മുന്‍വര്‍ഷം ഇതേദിവസം ജലനിരപ്പ് 2352.64 അടിയായിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍ 21.5 അടി വെള്ളം അണക്കെട്ടില്‍ കൂടുതലുണ്ട്.
പദ്ധതിപ്രദേശത്ത് മഴ കുറഞ്ഞതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. 6.269 ദശലക്ഷം ഘനയടി വെള്ളമേ പ്രതിദിനം അണക്കെട്ടിലേക്കെത്തുന്നുള്ളൂ. 18.7 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇടുക്കിയിലെ വെള്ളമുപയോഗിച്ച് മൂലമറ്റം വൈദ്യുതനിലയത്തില്‍ ഒരുദിവസം പരമാവധി ഉത്പാദിപ്പിക്കാവുന്നത്.
2.766 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് വ്യാഴാഴ്ച ഉത്പാദിപ്പിച്ചത്. അവധിദിവസങ്ങളില്‍ ഉത്പാദനം വീണ്ടും താഴും. 2408.5 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. വരുംദിവസങ്ങളില്‍ തുലാവര്‍ഷം ശക്തമാകുമെന്ന പ്രതീക്ഷയിലാണ് കെ.എസ്. ഇ.ബി. മഴ ശക്തമായാലേ ഇടുക്കിയിലെ ജലം ഉപയോഗിച്ച് കൂടുതല്‍ വൈദ്യുതോത്പാദനം സാധ്യമാകൂ.