തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യതയെന്ന് പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും വ്യാഴാഴ്ചയും ഇടിമിന്നലോടു കൂടിയ മഴയ്ക്കും വ്യാഴാഴ്ച ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ കേരള തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

അതേസമയം, വ്യാഴാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ശബരിമലയിലെ പ്രത്യേക കാലാവസ്ഥാ പ്രവചനം അനുസരിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇന്ന് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരങ്ങളില്‍ വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെയും ലക്ഷദ്വീപ് തീരങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളിലും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കര്‍ണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വെള്ളി, ശനി ദിവസങ്ങളില്‍ ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.