കേരളത്തിൽ കനത്ത ചൂടിൽ നിന്ന് ആശ്വാസമായി മഴയെത്തുന്നു. വരും ദിവസങ്ങളിൽ പല ജില്ലകളിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷകേന്ദ്രം അറിയിക്കുന്നത്. സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന്റെ അകമ്പടിയോടെയാണ് മഴയെത്തുന്നത്.

വരും ദിവസങ്ങളിൽ പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. നിലവിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തെക്കൻ കേരളത്തിൽ വ്യാപക മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ എട്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

കേരളത്തിൽ മുമ്പെങ്ങും അനുഭവപ്പെടാത്ത ചൂടാണ് ഇക്കുറി അനുഭവപ്പെടുന്നത്. നേരിയ തോതിൽ വേനൽമഴ ലഭിച്ചു എങ്കിലും അവയൊന്നും തന്നെ രൂക്ഷമായ ചൂടിനെ ശമിപ്പിക്കുന്നതിന് ഒരു തരത്തിലും സഹായകമായിരുന്നില്ല. രാത്രിയും പകലും താപനില ശക്തമായ തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ വൈദ്യുതി ഉപഭോഗം വൻതോതിൽ വർദ്ധിച്ചത് ആശങ്ക ഉയർത്തിയിരുന്നു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി സാധാരണക്കാരായ ജനങ്ങൾ പോലും വീടുകളിൽ എ.സി ഉപയോഗിക്കാൻ തുടങ്ങിയത് വൈദ്യുതി ഉപഭോഗം വൻ തോതിൽ വർദ്ധിക്കാൻ കാരണമായിരുന്നു.