- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിങ്കളാഴ്ച മുതല്‍ വീണ്ടും മഴ; ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ചൊവ്വാഴ്ച മുതല്‍ കാലവര്‍ഷം ശക്തമാകും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ചയോടെ ദുര്‍ബലമായിരുന്ന കാലവര്‍ഷം വീണ്ടും ശക്തമാകുമെന്നും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കാനിടയുണ്ടെന്നും പ്രവചനത്തില്‍ പറയുന്നു.
ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യം ശക്തമായ മഴയായി പരിഗണിക്കപ്പെടും. ഇടിമിന്നലിനൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ജനങ്ങള്‍ക്കായി ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങളും പുറത്തിറക്കി. ഇടിമിന്നല്‍ കാണുമ്പോള്‍ ഉടന്‍ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറുക, തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഒഴിവാക്കുക, വാതിലിനോടോ ജനലിനോടോ അടുത്തുനില്‍ക്കാതിരിക്കുക, ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക, ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക, മഴക്കാറ് കണ്ടാല്‍ മുറ്റത്തേക്കോ ടെറസിലേക്കോ പോകാതിരിക്കുക എന്നീ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.
മത്സ്യബന്ധനം, ബോട്ടിങ്, പട്ടം പറത്തല്‍, സൈക്കിള്‍, ബൈക്ക് യാത്രകള്‍ എന്നിവ ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കി. വളര്‍ത്തുമൃഗങ്ങളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റാന്‍ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി.