പത്തനംതിട്ട: സംസ്ഥാനത്ത് ഏറ്റവുമധികം വേനൽമഴ ലഭിച്ചത് ജില്ലയിലെ കോന്നി മണ്ണീറയിൽ. വൃഷ്ടിപ്രദേശങ്ങളിൽ കാര്യമായ മഴ ലഭിക്കാത്തതിനാൽ ഡാമുകളിലെ ജലനിരപ്പ് താണ നിലയിലാണ്. മാർച്ച് ഒന്ന് മുതൽ 18 വരെയുള്ള കണക്കനുസരിച്ച് സംസ്ഥനത്തെ മറ്റ് ജില്ലകളിലും ലക്ഷദ്വീപ്, മാഹി പ്രദേശങ്ങളിലും ഉൾപ്പെടെ ഏറ്റവും കൂടുതൽ വേനൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്.

കഴിഞ്ഞ നാല് ദിവസങ്ങളിലായി 34.6 മില്ലീമീറ്റർ വേനൽ മഴയാണ് ജില്ലയിൽ ലഭിച്ചത്. 30.8 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 4 % അധിക വേനൽമഴ പത്തനംതിട്ട ജില്ലയിൽ ലഭിച്ചിട്ടുണ്ട്. മലയോര മേഖലകളിലാണ് കഴിഞ്ഞ നാല് ദിവസങ്ങളിൽ വേനൽ മഴ ഏറ്റവുമധികം ലഭിച്ചത്. കോന്നി താലൂക്കിലെ മണ്ണീറ പ്രദേശത്താണ് സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം വേനൽ മഴ ലഭിച്ചിട്ടുള്ളത്. നാരങ്ങാനം, വാഴക്കുന്നം എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിച്ചപ്പോൾ തിരുവല്ല, അടൂർ ഭാഗങ്ങളിൽ കാര്യമായി മഴ ലഭിച്ചിട്ടില്ല.

വേനൽ മഴ സമൃദ്ധമായി ലഭിച്ചതോടെ വറ്റി വരണ്ട അവസ്ഥയിലായിരുന്ന പമ്പ, മണിമല അച്ചൻകോവിൽ നദികളിൽ നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. എന്നാൽ ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ കാര്യമായ മഴ ലഭിക്കാത്തതിനാൽ, ജലനിരപ്പ് താണ നിലയിലാണ്. കക്കി ഡാമിൽ 53 % വും പമ്പ ഡാമിൽ 8 % വും ജലം മാത്രമാണ് നിലവിൽ ഉള്ളത്. മഴ തുടരും എന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അധികൃതർ പറഞ്ഞിട്ടുള്ളതിനാൽ വരും ദിവസങ്ങളിൽ ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ കൂടുതൽ മഴ ലഭിക്കും എന്ന പ്രതീക്ഷയിലാണ് അധികൃതർ.