തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒക്ടോബർ മൂന്നിന് തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്.

തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ വിവിധ നദികളിൽ ജലനിരപ്പ് ഉയരുന്നതായി കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു. തിരുവനന്തപുരം നെയ്യാർ നദിയിലെ അരുവിപ്പുറം സ്റ്റേഷനിൽ നിലവിലെ ജലനിരപ്പ് അപകട നിരപ്പിനേക്കാൾ കൂടുതലായതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായി ജല കമ്മീഷൻ അറിയിച്ചു. തിരുവനന്തപുരം കരമന നദിയിലെ വെള്ളൈകടവ് സ്റ്റേഷൻ, പത്തനംതിട്ട അച്ചൻകോവിൽ നദിയിലെ തുമ്പമൺ സ്റ്റേഷൻ, മണിമല നദിയിലെ കല്ലൂപ്പാറ സ്റ്റേഷൻ എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. ഈ തീരങ്ങളിൽ ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി.

ആലപ്പുഴയിലെ അപ്പർ കുട്ടനാടൻ മേഖലകളിൽ വെള്ളം കയറിത്തുടങ്ങി. ചില താഴ്ന്ന പ്രദേശങ്ങൾ നിലവിൽ വെള്ളക്കെട്ടിലാണ്. ചേർത്തലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. കുട്ടനാട്ടിൽ ചമ്പക്കുളം, മങ്കൊമ്പ് എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതും വെള്ളക്കെട്ടിന് കാരണമായിട്ടുണ്ട്. വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനാൽ കോട്ടയം താലൂക്കിലെ ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും ഇന്ന് അവധിയാണ്.

തെക്ക് പടിഞ്ഞാറൻ ഝാർഖണ്ഡിനും അതിനോട് ചേർന്ന വടക്കൻ ഛത്തിസ്ഗഡിനും മുകളിൽ ന്യൂനമർദവും മധ്യ മഹാരാഷ്ട്രയ്ക്ക് മുകളിൽ ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴയ്ക്കും ഇടി മിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുകയാണെങ്കിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കുക.

കേരള- ലക്ഷദ്വീപ് പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല. വിവിധ തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

തെന്മല അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു
കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ തെന്മല ഡാമിന്റെ ഷട്ടറുകൾ തുറന്നു. മൂന്ന് ഷട്ടറുകൾ അഞ്ച് സെന്റിമീറ്റർ വീതം ഉയർത്തിയാണ് ജലം ഒഴുക്കി വിടുന്നത്. റൂൾ കർവ് പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.

ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതോടെ കല്ലട ആറ്റിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. തെക്കൻ കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയ്ക്ക് പിന്നാലെയാണ് തെന്മല ഡാമിൽ ജലനിരപ്പ് ഉയർന്നത്. ഇതോടെയാണ് ജലനിരപ്പ് ക്രമീകരിക്കാൻ അധികൃതർ തീരുമാനിച്ചത്.