തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി പരക്കെ മഴ ലഭിക്കും. തെക്കന്‍ കേരളത്തില്‍, അറബിക്കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറിയതാണു മഴ കനക്കാന്‍ കാരണം. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നാളെ യെലോ അലര്‍ട്ട് തുടരും.

കേരളത്തിന്റെ തീരപ്രദേശത്തും കടലിലും മണിക്കൂറില്‍ 35 കിലോമീറ്റര്‍ മുതല്‍ 45 വരെ വേഗത്തില്‍ കാറ്റു വീശാനും കള്ളക്കടല്‍ പ്രതിഭാസത്തിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മീന്‍ പിടിത്തത്തിനു വിലക്കുണ്ട്. മത്സ്യത്തൊഴിലാളികള്‍ പൂര്‍ണ ജാഗ്രത പാലിക്കണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശമുണ്ടായാല്‍ മാറി താമസിക്കണം.