തിരുവനന്തപുരം: രാജ്യത്ത് മണ്‍സൂണ്‍ പിന്മാറ്റം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പടിഞ്ഞാറന്‍ രാജസ്ഥാനില്‍ നിന്നാണ് ഈ വര്‍ഷത്തെ മണ്‍സൂണ്‍ പിന്മാറ്റത്തിന് തുടക്കമായത്. അടുത്ത രണ്ട് മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ രാജസ്ഥാനിലെ കൂടുതല്‍ പ്രദേശങ്ങളില്‍ നിന്നും, കൂടാതെ പഞ്ചാബിന്റെയും ഗുജറാത്തിന്റെയും ചില ഭാഗങ്ങളില്‍ നിന്നും മണ്‍സൂണ്‍ പിന്മാറാന്‍ സാധ്യതയുണ്ടെന്ന് വകുപ്പ് അറിയിച്ചു.

സാധാരണയായി സെപ്റ്റംബര്‍ 17നാണ് രാജസ്ഥാനില്‍ നിന്ന് പിന്മാറ്റം തുടങ്ങുന്നത്. എന്നാല്‍ ഇത്തവണ മൂന്ന് ദിവസം മുന്നേ മണ്‍സൂണ്‍ പിന്മാറ്റം ആരംഭിച്ചു. 10 ദിവസം മുന്നേ തന്നെ ഈ മേഖലയിലെത്തിയിരുന്നുവെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

1.5 കിലോമീറ്റര്‍ ഉയരത്തില്‍ ഉയര്‍ന്ന മര്‍ദ്ദ മേഖല രൂപപ്പെടല്‍, തുടര്‍ച്ചയായി അഞ്ച് ദിവസം മഴ ലഭിക്കാതിരിക്കുക, അന്തരീക്ഷത്തിലെ ഈര്‍പ്പം കുറയുക എന്നീ മാനദണ്ഡങ്ങള്‍ നിറവേറ്റിയതിനെ തുടര്‍ന്നാണ് പിന്മാറ്റ പ്രഖ്യാപനം നടത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 23നാണ് മണ്‍സൂണ്‍ പിന്മാറ്റം ആരംഭിച്ചതെന്ന് രേഖകളില്‍ പറയുന്നു.