കണ്ണൂർ: ഒ എൽ എക്‌സിൽ പരസ്യം നൽകിയവരെ ആർമി ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് വഞ്ചിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശി അക്ഷയ് കോർബാൾ(21)നെയാണ് കണ്ണൂർ സൈബർ പൊലീസും സംഘവും പിടികൂടിയത്. ജയ്പൂരിനടുത്തുള്ള ഗ്രാമത്തിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തട്ടിപ്പിന്റെ മുഖ്യആസൂത്രകനായ അക്ഷയുടെ പിതൃസഹോദരന്റെ മകൻ സുരേന്ദ്ര കോർബാൾ രക്ഷപ്പെട്ടു. ഇയാളെ പിടികൂടാനും കേസുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിശദാംശങ്ങൾക്ക് വേണ്ടിയും പൊലീസ് വീണ്ടും ജയ്പൂരിലേക്ക് തിരിക്കുമെന്നും സൈബർ പൊലീസ് ഇൻസ്‌പെക്ടർ കെ സനിൽകുമാർ പറഞ്ഞു.

ഒഎൽഎക്‌സിൽ ഫ്‌ളാറ്റ് വില്പനയ്‌ക്കെന്ന പരസ്യം കൊടുത്ത താഴെചൊവ്വ സ്വദേശിനിയിൽ നിന്നാണ് അക്ഷയും സുരേന്ദ്രയും ചേർന്ന് 2,60,000 രൂപ തട്ടിയെടുത്തത്. ആർമി ഉദ്യോഗസ്ഥാനാണെന്ന വ്യാജ ഐഡന്റിറ്റി കാർഡ് കാണിക്കുകയും ഫോൺ ചെയ്ത് ഫ്‌ളാറ്റ് ഇഷ്ടപ്പെട്ടുവെന്നും ഉടൻ ഡീൽ ഉറപ്പിക്കണമെന്നും പറഞ്ഞ് ആദ്യം പരാതിക്കാരിയുടെ വിശ്വാസ്യത പിടിച്ചുപറ്റുകയായിരുന്നു.

പരാതിക്കാരിക്ക് ഓൺലൈൻ ബാങ്കിങ്ങ് സംഭവങ്ങളെ കുറിച്ചുള്ള അജ്ഞതയെ മുതലെടുത്തുകൊണ്ട് അവരുടെ അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുക്കുകയുമായിരുന്നു. രണ്ട് തവണയായാണ് രണ്ട് ലക്ഷത്തിലധികം രൂപ പരാതിക്കാരിയിൽ നിന്നും തട്ടിയെടുത്തത്. ഫെബ്രുവരി 28നാണ് ഇവർ ഇത് സംബന്ധിച്ച് പരാതി നൽകിയത്. അക്ഷയും സുരേന്ദ്രനും ചേർന്ന് താണ സ്വദേശിയായ മറ്റൊരാളെയും വഞ്ചിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഈ പരാതിയും ഫെബ്രുവരിയിൽ തന്നെയാണ് രജിസ്റ്റർ ചെയ്തത്.

ഫ്‌ളാറ്റ് വില്പനയുടെ പരസ്യം ചെയ്ത ഇയാളിൽ നിന്നും 1,85,000 രൂപയാണ് തട്ടിയെടുത്തത്. ടെക്‌നിക്കൽ അനാലിസിസിലൂടെ ഇവർ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കും. കഴിഞ്ഞ 24ന് രാത്രി വളരെ ശ്രമകരമാണ് സൈബർ പൊലീസ് ഇൻസെപ്കടർ കെ സനിൽകുമാറും ടീമംഗങ്ങളായ എസ് ഐ എം ദിനേശ്, മയ്യിൽ പൊലീസ് എസ് ഐ പ്രശോഭ്, എഎസ് ഐ വി വി പ്രകാശൻ, ടൗൺ സ്റ്റേഷൻ സി പി ഒ കെ സുനിൽകുമാർ എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടിയത്.ജനങ്ങളുടെ ഇത്തരം തട്ടിപ്പുകൾക്കെതിരെ കൂടുതൽ ജാഗ്രത പൊതുജനങ്ങളിൽ വേണമെന്നും സൈബർ പൊലീസ് പറഞ്ഞു.