കണ്ണൂർ: മകളെ വിവാഹം ചെയ്തുകൊടുക്കാത്തതിന്റെ വൈരാഗ്യത്തിൽ പിതാവിനെ വീട്ടിൽകയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച തയ്യിൽ സ്വദേശിക്കായി പൊലിസ് തെരച്ചിൽ തുടങ്ങി.

ഇരിക്കൂർ മാമാനം സ്വദേശിയും മാത്തിൽ ചൂരലിൽ വാടകവീട്ടിൽ താമസക്കാരുമായ രാജേഷിനാണ്(45) വെട്ടേറ്റത്.വ്യാഴാഴ്‌ച്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. കണ്ണൂർ തയ്യിൽ സ്വദേശി അക്ഷയിയാണ്് വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. കൂടെ അക്ഷയിന്റെ സുഹൃത്തും ഉണ്ടായിരുന്നുവെന്നാണ് സൂചന. രാജേഷിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയുള്ള അക്രമമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്രതികൾക്ക് വേണ്ടി പെരിങ്ങോം പൊലീസ് അന്വേഷണമാരംഭിച്ചു. രാജേഷിന്റെ മകളെ വിവാഹം ചെയ്തുകൊടുക്കാത്തതിന്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.തനിക്ക് വിവാഹം ചെയ്തു തരാതെ കാസർഗോഡ് സ്വദേശിക്ക് മകളെ വിവാഹം ചെയ്തുകൊടുത്തതിൽ അക്ഷയിന് രാജേഷിനോട് പകയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച രാജേഷിന് തലയിലും മുഖത്തും വെട്ടേറ്റിരുന്നു.രാജേഷ് ഗുരുതരാവസ്ഥയിലായിരുന്നുവെങ്കിലും ഇപ്പോൾ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.

ഒരു കേസിൽപെട്ട് ജയിലിലായിരുന്ന അക്ഷയ് അടുത്തകാലത്താണ് പുറത്തിറങ്ങിയത്. അക്ഷയിന്റെ വധ ഭീഷണി കാരണമാണ് രാജേഷ് ചുരലിൽ വീട് വാടകക്കെടുത്ത് താമസിച്ചുവരുന്നതെന്ന് പൊലീസ് പറഞ്ഞു.