തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്ക് തുച്ഛമായ പണം നൽകുന്ന കേന്ദ്രസർക്കാർ, ലൈഫ് പദ്ധതിയുടെ അടക്കം പേര് മാറ്റാൻ നിർബന്ധിക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ്. കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന വിവേചനം ഒറ്റപ്പെട്ടതല്ലെന്ന് പറഞ്ഞ മന്ത്രി, ലൈഫ് പദ്ധതി മുതൽ അധികാര വികേന്ദ്രീകരണത്തെ അട്ടിമറിക്കുന്ന നീക്കം കേന്ദ്രത്തിൽ നിന്നുണ്ടാവുന്നുവെന്നും കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ നടത്തുന്നത് ബ്ലാക്ക്‌മെയിലിങ് രാഷ്ട്രീയമാണെന്ന് മന്ത്രി വിമർശിച്ചു. ഒരു ശൗചാലയത്തിനുള്ള പണം പോലും തികച്ച് നൽകാതെ വീട് മുഴുവൻ കേന്ദ്ര സർക്കാരിന്റെതെന്ന് വരുത്താൻ ശ്രമിക്കുകയാണെന്നും മന്ത്രി പരിഹസിച്ചു.

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പണം കേന്ദ്രസർക്കാർ തടഞ്ഞുവയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തുച്ഛമായ തുക മാത്രം നൽകുകയും അതിൽ കേന്ദ്രത്തിന്റെ പേര് മാത്രം വയ്ക്കണം എന്ന അൽപ്പത്തരം കാണിക്കുകയും ചെയ്യുന്നു. ലൈഫിൽ തുച്ഛമായ വിഹിതമാണ് കേന്ദ്രത്തിന്റേത്. കേന്ദ്ര സർക്കാരിന്റെ തുച്ഛമായ പണം കിട്ടിയത് 1,12,031 വീടുകൾക്ക് മാത്രമാണ്. സംസ്ഥാന സർക്കാർ പദ്ധതിക്കായി ആകെ ചെലവഴിച്ച തുകയുടെ 11 ശതമാനം മാത്രമാണിത്. 13736 കോടി സംസ്ഥാനം ചെലവാക്കിയതിൽ 2024 കോടി കേന്ദ്രസർക്കാരിന്റെ സംഭാവനയാണ്. എന്നിട്ടും കേന്ദ്രസർക്കാർ തങ്ങൾ പറയുന്ന പേര് വയ്ക്കണമെന്ന് നിർബന്ധം പിടിക്കുന്നു-മന്ത്രി കുറ്റപ്പെടുത്തി.

വിഴിഞ്ഞം തുറമുഖപദ്ധതിക്കുപിന്നാലെ 'ലൈഫ്' ഭവനപദ്ധതിയിലും കുരുക്കിട്ട് കേന്ദ്രസർക്കാർ എത്തുന്നുവെന്ന വാർത്ത ശരിവയ്ക്കുകായണ് മന്ത്രി. പ്രധാനമന്ത്രി ആവാസ് യോജന(പി.എം.എ.വൈ.)യിൽ അനുവദിക്കുന്ന സഹായധനവും ലൈഫിൽ ചെലവഴിക്കുന്നതിനാൽ പി.എം.എ.വൈ. പദ്ധതിയുടെ ലോഗോയും പേരും ലൈഫ് വീടുകളിൽ പതിക്കണമെന്നാണ് നിർദ്ദേശം. ലൈഫിൽ വീടൊന്നിന് നാലുലക്ഷം രൂപയാണ് കേരളം ചെലവഴിക്കുന്നത്. ഇതിൽ ഗ്രാമീണമേഖലയിൽ 72,000 രൂപയും നഗരങ്ങളിൽ ഒന്നരലക്ഷം രൂപയുമാണ് പി.എം.എ.വൈ. വഴിയുള്ള കേന്ദ്രവിഹിതം. പാർപ്പിടപദ്ധതിയിൽ കേന്ദ്രത്തിന്റെ ബ്രാൻഡിങ് എന്നരീതിയിൽ ലോഗോയും പദ്ധതിയും പേരും ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.

സൗജന്യമായി നിർമ്മിച്ചുനൽകിയ വീടെന്ന് തിരിച്ചറിയാത്തതരത്തിൽ പദ്ധതിനിർവഹണം നടത്തണമെന്നാണ് നയമെന്ന് തദ്ദേശവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി. അതിനാൽ, ലൈഫ് വീടുകളിൽ സംസ്ഥാനസർക്കാരിന്റെ പേരോ ലോഗോയും ഒന്നും ഉൾപ്പെടുത്താറില്ല. ഇക്കാരണത്താൽ കേന്ദ്രത്തിന്റെ ബ്രാൻഡിങ് ഉൾപ്പെടുത്താനാവില്ലെന്ന നിലപാടിലാണ് സർക്കാർ. പക്ഷേ, കേന്ദ്രനിർദേശത്തിന്റെ പശ്ചാത്തലത്തിൽ പി.എം.എ.വൈ. ലോഗോ ഇല്ലെങ്കിൽ കേന്ദ്രവിഹിതം മുടങ്ങും.പി.എം.എ.വൈ. പദ്ധതിയുടെ പേരുപയോഗിച്ചില്ലെന്ന കാരണത്താൽ ആന്ധ്രാപ്രദേശിനും പശ്ചിമബംഗാളിനും കേന്ദ്രസർക്കാർ പണം തടഞ്ഞുവെച്ചിരുന്നു.