തിരുവനന്തപുരം: തരൂർ വിഷയത്തിൽ പരാതിയുമായി എ കെ രാഘവൻ എം പി മുന്നോട്ട് പോകരുതെന്ന് കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ. എ കെ രാഘവൻ പരാതിക്കാരനാവുന്നത് ശരിയല്ല. കേരളത്തിൽ 14 ജില്ലകളിലും ജില്ലാ കോൺഗ്രസ് കമ്മിറ്റികളുണ്ട്. ശശി തരൂരിന് പരിപാടിയിൽ പങ്കെടുക്കണമെന്ന് താൽപ്പര്യമുണ്ടെങ്കിൽ അവരെ അറിയിച്ചാൽ അവർ സ്വീകരിക്കുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

കോഴിക്കോട് തരൂർ പങ്കെടുക്കുന്ന സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പരാതി നൽകുമെന്ന് എം കെ രാഘവൻ എംപി ഇന്ന് വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഉണ്ണിത്താൻ.

തരൂരിന് വേദി നിഷേധിച്ച സംഭവം അതീവ ഗൗരവകരം എന്നും ഇക്കാര്യം അന്വേഷിക്കാൻ കെ പി സി സി കമ്മീഷനെ നിയോഗിക്കണമെന്നും എം കെ രാഘവന് എം പി ആവശ്യപ്പെട്ടിരുന്നു. അന്വേഷണ കമ്മീഷനെ നിയോഗിച്ചാൽ തെളിവ് നൽകാൻ തയ്യാറെന്നും അല്ലാത്ത പക്ഷം അറിയുന്ന കാര്യങ്ങൾ തുറന്ന് പറയേണ്ടി വരുമെന്നും രാഘവൻ വ്യക്തമാക്കിയിരുന്നു. യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ശശി തരൂരും ആവശ്യപ്പെട്ടു. അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാൻ പാടില്ലായിരുന്നു എന്നാണ് തരൂർ പറഞ്ഞത്.

നെഹ്‌റു ഫൗണ്ടേഷൻ സംഘടിപ്പിച്ച മതേതരത്വവും സംഘപരിവാറും എന്ന വിഷയത്തിൽ നടന്ന സെമിനാറിലാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്. യൂത്ത് കോൺഗ്രസ് പിന്മാറിയ സാഹചര്യത്തിലായിരുന്നു നെഹ്‌റു ഫൗണ്ടേഷൻ പരിപാടി സംഘടിപ്പിച്ചത്.