തിരുവനന്തപുരം: സഹോദരീ പുത്രിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ കുപ്രസിദ്ധ ഗുണ്ടയെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. ശംഖുംമുഖം രാജീവ് നഗർ വയർലെസ് കോളനിയിൽ താമസിക്കുന്ന രാജേഷ് (43) എന്ന 'റാംബോ രാജേഷ്' ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം സഹോദരിയും മകളും താമസിക്കുന്ന വീട്ടിലെത്തിയ രാജേഷ് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്നാണ് പരാതി.

നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. സംഭവത്തെത്തുടർന്ന് വീട്ടുകാർ ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തുമെന്ന് മനസ്സിലാക്കിയ പ്രതി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞെങ്കിലും വലിയതുറ പൊലീസ് നടത്തിയ ഊർജ്ജിതമായ തെരച്ചിലിൽ രാത്രിയോടെ ഇയാളെ വലയിലാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.