തിരുവനന്തപുരം:കോർപറേഷൻ മേയർ ആര്യ രാജേന്ദ്രന്റെ നിയമന ശിപാർശ കത്ത് സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ച് അട്ടിമറിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.അഴിമതി നടത്തിയ മേയർ രാജിവെക്കണം.മേയർ രാജിവെച്ചുള്ള അന്വേഷണമാണ് യു.ഡി.എഫ് ആവശ്യപ്പെടുന്നത്. ആനാവൂർ നാഗപ്പൻ എന്നാണ് പി.എസ്.സി ചെയർമാനായതെന്നും ചെന്നിത്തല ചോദിച്ചു.

സർവകലാശാലകളിൽ ഉന്നത സിപിഎം നേതാക്കളുടെ ഭാര്യമാർക്കാണ് ജോലി കിട്ടുന്നത്. ബംഗാളിൽ നടന്ന സെൽ ഭരണമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോർപറേഷന് മുന്നിൽ നടക്കുന്ന യു.ഡി.എഫ് സമരപ്പന്തൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയിൽ മോചനം സംബന്ധിച്ച നിലവിലെ രീതികളിൽ മാറ്റം കൊണ്ടുവരുന്നത് കമ്യൂണിസ്റ്റുകാരായ കൊലപാതകികളെ തുറന്നുവിടാനാണ്. ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികളെ തുറന്നുവിടാനുള്ള നീക്കമാണ് ഇതിന് പിന്നിൽ. എക്‌സൈസ് വകുപ്പ് സിപിഎമ്മിന്റെ കറവപ്പശുവാണ്. മദ്യ കമ്പനികളെ സഹായിക്കാനാണ് വിറ്റുവരവ് നികുതി ഒഴിവാക്കിയതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.