തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം ഉയർത്തിയതിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ തീരുമാനം അംഗീകരിക്കാൻ കഴിയില്ല. ഇപ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളിൽ എന്ന് മാത്രം പറയുന്നതിൽ ഒരു ആത്മാർത്ഥയുമില്ലെന്നും ഒന്നര ലക്ഷത്തോളം യുവതീ യുവാക്കളുടെ ചിറകരിയുന്ന ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.'

സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം 60 ആക്കുകയെന്ന ഗൂഢലക്ഷ്യം തന്നെയാണ് ഇതിന് പിന്നിൽ. സംസ്ഥാനത്ത് ജോലിയില്ലാത്ത ചെറുപ്പക്കാരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. റാങ്ക് പട്ടിക പലതും പിഎസ് സിയുടെ ഫ്രീസറിലാണ്. ഈ തീരുമാനം പിൻവലിച്ചില്ലെങ്കിൽ രണ്ടാം പിണറായി സർക്കാരിന്റെ അന്ത്യം കുറിക്കും', രമേശ് ചെന്നിത്തല പറഞ്ഞു.അരിവില കൂടാൻ കാരണം കരിഞ്ചന്തയും പൂഴ്‌ത്തിവെപ്പുമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

നെല്ല് സംഭരണം വൈകിപ്പിച്ചതിന് പിന്നിൽ വൻ ലോബി പ്രവർത്തിക്കുന്നുണ്ട്. സർക്കാർ സംവിധാനം കാഴ്‌ച്ചക്കാരന്റെ റോളിലാണ്. ഇതിന് പിന്നിൽ വൻ അഴിമതിയാണെന്നും ചെന്നിത്തല ആരോപിച്ചു.ചരിത്രത്തിലാദ്യമായിട്ടാണ് അരിവില 15ഉം 20ഉം രൂപ കൂടുന്നത്. ഭക്ഷ്യ-കൃഷി വകുപ്പുകൾ ഈ കാട്ടുകൊള്ളയ്ക്ക് കുടപിടിക്കുകയാണ്. ജിഎസ്ടിയുടെ പേര് പറഞ്ഞാണ് കൊള്ളകൾ. ഇക്കാര്യങ്ങളിൽ ഒന്നും ഇടപെടാൻ വിവാദങ്ങളുടെ തീച്ചൂളയിൽ നിൽക്കുന്ന സർക്കാരിന് സമയമില്ല. കൊടുക്കൽ വാങ്ങൾ കാര്യത്തിൽ മാത്രമാണ് സർക്കാരിന് താൽപ്പര്യമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.