തിരുവനന്തപുരം: കർണാടക നിയമസഭ തെരെഞ്ഞടുപ്പിൽ കോൺഗ്രസ് നേടിയ മഹാവിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് നടൻ രമേശ് പിഷാരടി. ഫേ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പിഷാരടി തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. 'മഹാവിജയത്തിന്റെ സഹയാത്രികൻ ആയതിൽ സന്തോഷമുണ്ടെന്നും ആര് ജയിച്ചിരുന്നെങ്കിലും അവസരോചിതമായി പക്ഷം ചേർന്ന് പരിഹസിക്കാൻ തയ്യാറായിരുന്നവർ പോലും അഭിനന്ദിക്കുവാനുള്ള തിരിച്ചറിവ് കാണിച്ചതിൽ അതിലേറെ സന്തോഷം'. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കർണാടക തെരഞ്ഞെടുപ്പ് വിജയത്തെ സ്വാധീനിച്ചുവെന്നാണ് രമേശ് പിഷാരടി പറഞ്ഞുവെക്കുന്നത്.

കർണാടകയിൽ ആര് ജയിച്ചിരുന്നെങ്കിലും അവസരോചിതമായി പക്ഷം ചേർന്ന് രാഹുലിനെ പരിഹസിക്കാൻ തയ്യാറായിരുന്നവർ പോലും അഭിനന്ദിക്കുവാനുള്ള തിരിച്ചറിവ് കാണിച്ചതിൽ അതിലേറെ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് രമേശ് പിഷാരടി ഫേസ്‌ബുക്കിൽ ഇക്കാര്യം കുറിച്ചത്.

അതേസമയം, കോൺഗ്രസിന്റെ കർണാടക വിജയത്തിൽ നടന്മാരായ ജോയ് മാത്യുവും ഹരീഷ് പേരടിയും പ്രതികരിച്ചു.താനൊരു കോൺഗ്രസുകാരനല്ല, എങ്കിലും കർണാടകയിലെ കോൺഗ്രസ്സിന്റെ വിജയം അത് മതനിരപേക്ഷയിൽ വിശ്വസിക്കുന്ന ജനാധിപത്യ വിശ്വാസികൾക്ക് ഏറെ പ്രതീക്ഷകൾ നൽകുന്നുവെന്ന് ജോയ് മാത്യു ഫേസ്‌ബുക്കിൽ കുറിച്ചു.