കൊല്ലം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ കൊല്ലം ചാത്തന്നൂർ സ്വദേശി അമൽ മനോഹറിനെതിരെ കൊല്ലം സ്വദേശിനിയായ പെൺകുട്ടി പൊലീസിൽ പരാതി നൽകി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ, ശാരീരികോപദ്രവം ഏൽപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തി മ്യൂസിയം പൊലീസ് കേസെടുത്തു. അതേസമയം, അമൽ മനോഹർ ഒളിവിൽ പോയി.

ചാത്തന്നൂർ കൊട്ടറ സ്വദേശിയായ അമൽ മനോഹർ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകിയാണ് ടെക്നോപാർക്കിലെ ജീവനക്കാരിയായ പെൺകുട്ടിയെ ഒപ്പം കൂട്ടുന്നത്. 2023 മാർച്ച് 20 മുതൽ ഇവർ ഒരുമിച്ച് താമസം ആരംഭിച്ചു. പ്രമുഖ കായികതാരങ്ങളുടെ കണ്ടീഷനിങ് കോച്ച് കൂടിയാണ് അമൽ മനോഹർ.

2024 ജനുവരിയിൽ ചെന്നൈയിൽ പോയി വന്ന ശേഷം തന്നെ വിവാഹം ചെയ്യുന്ന തീരുമാനത്തിൽ നിന്ന് അമൽ പിന്നോട്ട് പോയെന്നാണ് പെൺകുട്ടിയുടെ ആരോപണം. തുടർന്ന് മ്യൂസിയം പൊലീസിൽ പരാതി നൽകി. പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ അമൽ വീണ്ടും വിവാഹ വാഗ്ദാനം നൽകി പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയതായി പെൺകുട്ടി പറയുന്നു.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ, ശാരീരിക ഉപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി അമലിനെതിരെ പൊലീസ് കേസെടുത്തു. നിലവിൽ അമൽ മനോഹർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.