പന്തളം: സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും തട്ടിക്കൊണ്ടു നാടുവിടാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. കൊല്ലം പത്തനാപുരം കോട്ടവിള വീട്ടിൽ നിന്നും പുനലൂർ വെളിക്കോട് കാഞ്ഞിരവിള വീട്ടിൽ താമസിക്കുന്ന അരുൺ രാജി (23 ) നെയാണ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം ചെയ്ത് പ്രതി, പന്തളത്തെ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിച്ച് അവിടെ നിന്നും കടത്തിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്തു അന്വേഷിച്ചു വരവേ ഇരുവരെയും പത്തനാപുരം ബസ് സ്റ്റാൻഡിൽ നിന്ന് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്ടേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. പെൺകുട്ടിയുടെ മൊഴി പ്രകാരം പോക്സോ നിയമമനുസരിച്ച് പ്രതിയെ അറസ്റ്റ് ചെയ്തു.

പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ്, എഎസ്ഐ മഞ്ജു മോൾ, എസ്.സി.പി.ഓമാരായ വിജയകുമാർ, അജീഷ്, രാജു, രഞ്ജിത്ത്, സി.പി.ഓമാരായ അൻവർഷ, രാജേഷ്, സന്ദീപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.