കോഴിക്കോട്: അനാഥയായ സ്ത്രീയെ ഫ്‌ളാറ്റിലെത്തി പീഡനത്തിന് ഇരയാക്കുകയും ക്രൂരമായി മർദ്ദിച്ച് അവശയാക്കിയ ശേഷം ഉപേക്ഷിക്കുകയും ചെയ്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. രണ്ട് വർഷത്തിന് ശേഷമാണ് അറസ്റ്റ്. മുഹമ്മദ് ഷാഫി, മുഹമ്മദ് ഷെബീർ, മുഹമ്മദ് ഫൈസൽ എന്നിവരെയാണ് പൊലീസ് സംഘം പിടികൂടിയത്.

2022 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട അനാഥയായ സ്ത്രീയെ മൂന്ന് പേരും ചേർന്ന് കുന്നമംഗലത്തെ ഓടയാടി എന്ന പേരിലുള്ള ഫ്‌ളാറ്റിൽ എത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് മുഖത്ത് ചൂടുവെള്ളം ഒഴിക്കുകയും ഭീകരമായി മർദ്ദിക്കുകയും ചെയ്തു.

മർദ്ദനത്തിൽ സാരമായി പരിക്കേറ്റതിന് തുടർന്ന് ഇവർ ഒന്നര വർഷത്തോളമായി അബോധാവസ്ഥയിൽ ചികിത്സയിലായിരുന്നു. കുന്നമംഗലം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇരയുടെ മൊഴിയെടുക്കാൻ കഴിയാത്തത് പ്രതിസന്ധിയിലാക്കി. ഇരയെ പിന്നീട് മലപ്പുറം പുളിക്കലുള്ള ഒരു പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

ഇരയുടെ മൊഴിയെടുക്കാനാവുന്ന സാഹചര്യത്തിൽ എത്തിയപ്പോൾ അന്വേഷണസംഘം ഇവരിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. പ്രതികളെ കുറിച്ച് ഏകദേശ ധാരണ ലഭിച്ചെങ്കിലും ഇവർ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പറുകൾ ഒഴിവാക്കിയതും താമസ സ്ഥലത്തു നിന്ന് മാറിയതും ചെറിയ പ്രതിസന്ധി സൃഷ്ടിച്ചു.

തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കിയ പൊലീസ് ഇവർ മുൻപ് താമസിച്ചിരുന്ന സ്ഥലങ്ങളിൽ എത്തി ഫോട്ടോ ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ഫോട്ടോ ഇരയെ കാണിച്ച ശേഷം ഇവർ തന്നെയാണ് കുറ്റക്കാർ എന്നുറപ്പിക്കുകയും ചെയ്തു.