കോഴിക്കോട്: പ്രണയം നടിച്ച് പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പെടെ നാലുപേരെ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു. വടകര പതിയാരക്കര സ്വദേശി കുളങ്ങര അഭിഷേക് (19), കായണ്ണ ചോലക്കര മീത്തല്‍ മിഥുന്‍ ദാസ് (19), വേളം പെരുമ്പാട്ട് മീത്തല്‍ സി.കെ. ആദര്‍ശ് (22), പതിനേഴ് വയസ്സുള്ള മറ്റൊരു പ്രതി എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. മുഖ്യപ്രതിയായ അഭിഷേക് ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് അമ്മയെ പരിചയപ്പെടുത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മിഥുൻദാസിന്റെ കായണ്ണയിലുള്ള വീട്ടിലേക്ക് പെൺകുട്ടിയെ എത്തിക്കുകയും അവിടെവെച്ച് മറ്റു പ്രതികളോടൊപ്പം ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് നൽകുന്ന വിവരം.

പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പേരാമ്പ്ര പോലീസാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രായപൂർത്തിയാകാത്ത പ്രതിയെ കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം ജുവനൈൽ ഹോമിലേക്ക് മാറ്റി. മറ്റ് മൂന്നുപേരെയും പയ്യോളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളിലൊരാളായ അഭിഷേക് മുൻപും മറ്റ് രണ്ട് പോക്സോ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പോലീസ് അറിയിച്ചു.